എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകളിൽ ഒവേറിയൻ കാൻസർ സാധ്യത കൂടുതൽ എന്ന് പഠന റിപ്പോർട്ട്. ജാമാ നെറ്റ്വർക്കിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയിലെ യുറ്റയിലെ അഞ്ചുലക്ഷത്തോളം സ്ത്രീകളുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. കാലിഫോർണിയ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനുപിന്നിൽ. എൻഡോമെട്രിയോസിസിന്റെ തീവ്ര അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള സ്ത്രീകളിൽ അല്ലാത്തവരെ അപേക്ഷിച്ച് ഒവേറിയൻ കാൻസറിനുള്ള സാധ്യത 9.7മടങ്ങ് കൂടുതലാണെന്നും ഗവേഷകർ പറയുന്നു. ടൈപ് 1 ഒവേറിയൻ കാൻസറിനുള്ള സാധ്യത 19 മടങ്ങും കൂടുതലാണ്. അതേസമയം എൻഡോമെട്രിയോസിസ് ഉള്ളവരെല്ലാം ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും ഗവേഷകർ പറയുന്നുണ്ട്. ഒവേറിയൻ കാൻസർ അപൂർവമായി പിടിപെടുന്ന രോഗമാണ്. കാൻസർ സാധ്യത കൂടുമെന്ന് പറയുമ്പോഴും 10,000 സ്ത്രീകളിൽ പത്തുമുതൽ ഇരുപതു കേസുകൾ വരെ മാത്രമാകാം എന്നാണ് ഗവേഷകർ പറയുന്നത്.