തിങ്കളാഴ്ചകളിൽ ഹൃദയാഘാതം കൂടാൻ സാധ്യതയുണ്ടെന്ന് ഗവേഷകർ. നടി മാധുരി ദീക്ഷിതിന്റെ ഭർത്താവും പ്രശസ്ത ഹൃദ്രോഗവിദഗ്ധനുമായ ശ്രീംറാം നെനെയും ഇതേക്കുറിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ്. തിങ്കളാഴ്ച രാവിലെകളിൽ ഹൃദയാഘാതസാധ്യത കൂടുതലാണെന്ന് ശ്രീ റാം നെനെ കുറിക്കുന്നു. ഈ ബ്ലൂ മൺഡേ എഫക്റ്റിനു പിന്നിലെ യഥാർഥകാരണം ഇതുവരെ തിരിച്ചറിയപ്പെട്ടിട്ടില്ല. ഒന്നിലധികം ഘടകങ്ങളാവാം കാരണമാകുന്നത്. സ്ലീപ് വേക് സൈക്കിളിനെ നിർണയിക്കുന്ന ശരീരത്തിന്റെ സിർകേഡിയൻ റിഥവുമായി ബന്ധപ്പെട്ടിരിക്കാമെന്നും ശ്രീറാം നെനെ കുറിച്ചു. തീവ്രമായ ഹൃദയാഘാതങ്ങൾ ഉണ്ടാകുന്നത് തിങ്കളാഴ്ചകളിലാണെന്ന് അടുത്തിടെ നടന്ന ഒരു പഠനത്തിൽ വ്യക്തമാക്കിയിരുന്നു. അയർലൻഡിലെ ബെൽഫാസ്റ്റ് ഹെൽത്ത് ആൻഡ് സോഷ്യൽ കെയർ ട്രസ്റ്റിലെയും റോയൽ കോളേജ് ഓഫ് സർജൻസിലെയും ഗവേഷകരാണ് പ്രസ്തുത പഠനം നടത്തിയത്. 10,528 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ വിലയിരുത്തൽ നടത്തിയത്. 2013നും 2018നും ഇടയിലുള്ള ഡേറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്. നെഞ്ചുവേദന, ശ്വാസതടസ്സം, ഓക്കാനം, വയറുവേദന, ഉത്കണ്ഠ, വിയർപ്പ്, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങളോടെയാകും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയെന്നും ഈ വിഭാഗത്തിനു ഹൃദയാഘാതം തിങ്കളാഴ്ചകളിലാണ് കൂടുതൽ റിപ്പോർട്ട് ചെയ്തതെന്നും ഗവേഷകർ കണ്ടെത്തി. ശരീരത്തിന്റെ ഉറക്കത്തിന്റെയും ഉണരലിന്റെയും ചക്രം ആണ് ഇതിനു പിന്നിലെ കാരണം എന്നാണ് ഗവേഷകർ വിലയിരുത്തിയത്. 2005-ലും ഹൃദയസംബന്ധമായ പ്രശ്നങ്ങൾ തിങ്കളാഴ്ചകളിൽ കൂടുന്നതായി പഠനം പുറത്തുവന്നിരുന്നു. വാരാന്ത്യങ്ങളിലുള്ള അമിതമദ്യപാനവും മറ്റുമാവാം ഇതിന് കാരണമാവുന്നത് എന്നാണ് ഗവേഷകർ പറഞ്ഞത്. വരുന്ന ആഴ്ചയെക്കുറിച്ചുള്ള ആശങ്കയും ജോലിസംബന്ധമായ കാര്യങ്ങൾ ഓർത്തുള്ള സമ്മർദവും തിങ്കളാഴ്ചകളിലെ ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകാമെന്നു വ്യക്തമാക്കുന്ന പഠനങ്ങളും പുറത്തുവന്നിരുന്നു. ഞായറാഴ്ചകളിൽ തൊട്ടടുത്ത ആഴ്ചയെക്കുറിച്ച് ആലോചിച്ച് അഡ്രിനാലിനും കോർട്ടിസോളുമൊക്കെ ശരീരത്തിൽ ഉയരുന്നത് രക്തസമ്മർദത്തിനും ഹൃദ്രോഗങ്ങൾക്കും കാരണമാകാം എന്നും പഠനങ്ങൾ പറയുന്നുണ്ട്.