അമിത ജോലി ഭാരവും തൊഴിലിടത്തിലെ സമ്മർദ്ദങ്ങളും മൂലം മാനസിക സംഘർഷങ്ങൾ രൂക്ഷമായതോടെ സംസ്ഥാന പോലീസ് സേനയിൽ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. ഈ വർഷം സ്വയം വിരമിക്കലിനായി ഇതുവരെ 72 പോലീസുകാരാണ് അപേക്ഷ സമർപ്പിച്ചത്. സി.പി.ഒ മുതൽ എസ്.ഐമാർവരെ അപേക്ഷകരിൽ ഉൾപ്പെടുന്നു. ഏറ്റവും കൂടുതൽ അപേക്ഷകരുള്ളത് കോട്ടയത്താണ്. 11 പേർ. അപേക്ഷ ലഭിച്ചാൽ മൂന്ന് മാസത്തിനകം നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നാണ് ചട്ടം. പോലീസുകാർക്ക് ഇടയിലെ കടുത്ത മാനസിക സമ്മർദ്ദങ്ങളും, ഇതുമൂലമുള്ള നാടുവിടലുകളും ആത്മഹത്യകളുമെല്ലാം മുമ്പും വാർത്തയായിരുന്നു.