ആർത്തവ അവധിക്ക് നയം രൂപീകരിക്കുന്നത് സ്ത്രീകൾക്ക് ജോലി നൽകുന്നതിന് തൊഴിലുടമയ്ക്കുള്ള താൽപര്യം നഷ്ടപ്പെടുത്തുമെന്നും വിപരീത ഫലമുണ്ടാക്കുമെന്നും സുപ്രീം കോടതി. ആർത്തവ അവധിക്ക് നയം രൂപീകരിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സർക്കാരിന്റെ നയപരമായ കാര്യങ്ങളിൽ ഇടപെടാൻ സാധിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കിയത്. ആർത്തവ അവധി ആവശ്യം ഉന്നയിച്ച് ഹർജിക്കാർക്ക് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. കേരളത്തിൽ സർവ്വകലാശാലകളിൽ ആർത്തവ അവധി അനുവദിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ച് പാർലമെന്റിൽ ചോദ്യം ഉയർന്നിരുന്നു. എന്നാൽ വിഷയം ഇപ്പോൾ പരിഗണനയിൽ ഇല്ലെന്നാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്.