രാജ്യത്ത് അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള 17% കുട്ടികൾ ഭാരക്കുറവും 36% കുട്ടികൾ വളർച്ചാ മുരടിപ്പും 6% കുട്ടികൾ ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മയും നേരിടുന്നുവെന്ന് റിപ്പോർട്ട്. ലോക്സഭയിലെ ചോദ്യോത്തര വേളയിലാണ് കേന്ദ്ര വനിതാ ശിശു വികസന വകുപ്പ് മന്ത്രി അന്നപൂർണ്ണ ദേവി കണക്കുകൾ പുറത്തുവിട്ടത്. അഞ്ചു വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളിലെ പോഷകാഹാരക്കുറവിന്റെ പ്രധാന സൂചകങ്ങളാണ് വരൾച്ചാ മുരടിപ്പ്, ശരീര ഭാരക്കുറവ്, ഉയരത്തിനനുസരിച്ചുള്ള തൂക്കമില്ലായ്മ തുടങ്ങിയ ഘടകങ്ങൾ. രാജ്യത്തെ ആറു വയസ്സിന് താഴെയുള്ള 8.57 കോടി കുട്ടികളിലാണ് പോഷകാഹാരക്കുറവ് പരിശോധന നടത്തിയത്. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ ഉത്തർ പ്രദേശാണ് കുട്ടികളിലെ വളർച്ചാ മുരടിപ്പ് നിരക്കിൽ മുൻപന്തിയിൽ. ലക്ഷദ്വീപാണ് തൊട്ടുപിന്നിൽ. മഹാരാഷ്ട്രയും മധ്യപ്രദേശും കുട്ടികളിലെ വളർച്ചാ മുരടിപ്പ് നിരിക്കിൽ മുന്നിട്ട് നിൽക്കുന്നു. ഭാരക്കുറവുള്ള കുട്ടികളുടെ കണക്കുകളിൽ മധ്യപ്രദേശാണ് മുന്നിൽ. ദാദ്ര & നഗർ ഹവേലി, ദാമൻ & ദിയു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ 26.41% കുട്ടികൾക്കാണ് ഭാരക്കുറവുള്ളത്. ചില സംസ്ഥാനങ്ങൾ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്. പോഷകാഹാരക്കുറവുള്ള ഇടങ്ങളിൽ ഏറ്റവും പിന്നിലുള്ളത് ഗോവ, സിക്കിം, ലഡാക്ക് എന്നിവിടങ്ങളാണ്.