കീമോക്ക് മുമ്പായുള്ള വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബിഗ് ബോസ് ടെലിവിഷൻ താരം ഹിന ഖാൻ. സ്തനാർബുദമാണെന്നും മൂന്നാം ഘട്ടത്തിലാണെന്നും താരം മുൻപ് പറഞ്ഞിരുന്നു. കീമോതെറാപ്പിക്ക് മുമ്പായി താരത്തിന്റെ മുടിമുറിക്കുന്നതാണ് വീഡിയോയിലുള്ളത്. മനോഹരമായ കുറിപ്പോടെയാണ് താരം ഹൃദയംതൊടുന്ന വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഇതുവരെ സങ്കൽപിച്ചിട്ടുപോലുമില്ലാത്ത ഒന്നിന് സാക്ഷ്യം വഹിക്കുന്നതിന്റെ സങ്കടത്തിലാണ് തന്റെ അമ്മയെന്ന് ഹിന കുറിക്കുന്നു. ഇതേ പോരാട്ടം നടത്തുന്ന സ്ത്രീകളോട്, ഇത് കഠിനമാണെന്ന് തനിക്കറിയാമെന്നും ഹിന പറയുന്നു. നമുക്കെല്ലാവർക്കും നമ്മുടെ മുടിയാണ് ഒരിക്കലും അഴിക്കാത്ത കിരീടം എന്നറിയാം. പക്ഷേ നിങ്ങളുടെ മുടി കൊഴിഞ്ഞുപോകും വിധത്തിൽ കഠിനമായ പോരാട്ടത്തെ നേരിടേണ്ടി വരുമ്പോൾ മറ്റെന്തു ചെയ്യാനാണ് കഴിയുകയെന്നും വിജയിക്കണമെങ്കിൽ ചില കഠിനമായ തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ഹിന കുറിക്കുന്നു. ഈ പോരാട്ടം വിജയിക്കാൻ തന്നേക്കൊണ്ടാവും വിധം എല്ലാം ചെയ്യും. തന്റെ മനോഹരമായ മുടികൊഴിയുംമുമ്പു തന്നെ അവ മുറിച്ചുമാറ്റാനാണ് തീരുമാനിച്ചത്. ആഴ്ചകളോളം ഈ മാനസികസമ്മർദം സഹിക്കാനാവില്ല. അതുകൊണ്ടാണ് മുടി നീക്കം ചെയ്യാൻ ശ്രമിച്ചതെന്നും യഥാർഥ കിരീടം ധൈര്യവും കരുത്തും അവനവനോടുള്ള സ്നേഹവുമാണെന്ന് താൻ തിരിച്ചറിഞ്ഞുവെന്നും ഹിന പറയുന്നു. ആർക്കെങ്കിലും തന്റെ അനുഭവം പ്രചോദനമാകാൻ കഴിയട്ടെ എന്ന് ഓർത്താണ് ഈ യാത്രയേക്കുറിച്ച് പങ്കുവെക്കുന്നതെന്നും താരം കുറിക്കുന്നുണ്ട്.