ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ കോഴിക്കോട് മെഡിക്കൽ കോളേജിൽ വിജയം

രാജ്യത്ത് തന്നെ അപൂർവമായി നടത്തുന്ന ബോൺ കണ്ടക്ഷൻ ഇംപ്ലാന്റ് 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ മൂന്ന് പേർക്ക് വിജയകരമായി പൂർത്തിയാക്കി കോഴിക്കോട് മെഡിക്കൽ കോളേജ്. സർക്കാരിന്റെ സൗജന്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജന്മനാ കേൾവി തകരാറുള്ള മൂന്ന് പേർക്ക് ഈ ഇംപ്ലാന്റ് വെച്ചുപിടിപ്പിച്ചത്. മൂന്ന് പേർക്ക് ഒറ്റ ദിവസം ഇത്തരം ശസ്ത്രക്രിയ നടത്തിയത് രാജ്യത്ത് ആദ്യമായാണ്. ബിസിഐ 602 ബോൺ ബ്രിഡ്ജ് ശസ്ത്രക്രിയ വിജയകരമാക്കിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. കോഴിക്കോട് സ്വദേശികളായ 20 വയസുകാരിയ്ക്കും 8 വയസുകാരിയ്ക്കും വയനാട് സ്വദേശിയായ 23 വയസുകാരനുമാണ് ശസ്ത്രക്രിയ നടത്തിയത്. ഏകദേശം 6 ലക്ഷം രൂപയോളം വില വരുന്നതാണ് ഓരോ ഇംപ്ലാന്റും. ജന്മനാ കേൾവി തകരാറുള്ള മൂന്നു കുഞ്ഞുങ്ങൾക്കാണ് കേൾവി ശക്തി തിരികെ ലഭിക്കുന്നത്തിനു ശസ്ത്രക്രിയ നടത്തി, രോഗികൾക്ക് ആവശ്യമായ ബോൺ കണ്ടക്ഷൻ ഇംപ്ലാന്റബിൾ ഹിയറിംഗ് ഡിവൈസ് കെ.എം.എസ്.സി.എൽ മുഖേന ലഭ്യമാക്കിയത്.