പെരിയോറൽ ഡെർമറ്റൈറ്റിസ് എന്ന ചർമ്മരോഗം ബാധിച്ചതായി വെളിപ്പെടുത്തി അമേരിക്കൻ നടി ജോയി കിംഗ്. രോഗം ബാധിച്ചിട്ട് ഏഴ് മാസമായെന്നും താരം പറയുന്നു. ടിക് ടോക് വീഡിയോയിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. വായയ്ക്ക് ചുറ്റുമുള്ള ചർമ്മം വരണ്ട് പൊട്ടുകയും ചൊറിച്ചിലുണ്ടാക്കുകയും ചെയ്യുന്ന രോഗമാണ് ഇത്. ചില കേസുകളിൽ കണ്ണുകൾ, മൂക്ക്, നെറ്റി, ജനനേന്ദ്രിയങ്ങൾ എന്നിവിടങ്ങളിലും ഇത് ബാധിക്കാം. വരണ്ടതും ചുവന്നതമായ ചർമ്മം, കുമിളകൾ, വായയ്ക്ക് ചുറ്റുമുള്ള ചെറിയ ചുവന്ന മുഖക്കുരു എന്നിവയാണ് പെരിയോറൽ ഡെർമറ്റൈറ്റിസിൻ്റെ പ്രധാന ലക്ഷണങ്ങൾ. മോയ്സ്ചറൈസറിന്റെ അമിത ഉപയോഗം, ഹോർമോൺ മാറ്റങ്ങൾ, കോസ്മെറ്റിക് ഉൽപ്പന്നങ്ങളുടെ അമിത ഉപയോഗം, ബാക്ടീരിയ അല്ലെങ്കിൽ ഫംഗസ് അണുബാധ, ചില സൺസ്‌ക്രീനുകളുടെ ഉപയോഗം എന്നിവയെല്ലാമാണ് പെരിയോറൽ ഡെർമറ്റൈറ്റിസ് പിടിപെടുന്നതിന് പിന്നിലെ ചില കാരണങ്ങൾ.