ഉത്തർ പ്രദേശിൽ 24-കാരനായ യുവാവിന് 40 ദിവസത്തിനിടെ ഏഴ് തവണ പാമ്പുകടിയേറ്റെന്ന ആരോപണത്തിൽ വിദഗ്ദ്ധ സമിതിയുടെ റിപ്പോർട്ട് പുറത്ത്. യുവാവിന് ഒരു തവണ മാത്രമാണ് പാമ്പ് കടിയേറ്റതെന്നും അതിന് ശേഷമുള്ളതെല്ലാം യുവാവിന്റെ തോന്നലാണെന്നും വിദഗ്ദ്ധ സമിതി വ്യക്തമാക്കി. പാമ്പുകളോട് അമിതഭയം തോന്നുന്ന ഒഫിഡിയോഫോബിയയാണ് യുവിവാനെന്നും സമിതി വ്യക്തമാക്കി. ഉത്തർപ്രദേശിലെ ഫത്തേപുർ ജില്ലയിലെ സൗര ഗ്രാമത്തിൽ നിന്നുള്ള വികാസ് ദുബെയാണ് വീട്ടിൽവെച്ച് ഏഴ് തവണ പാമ്പ് കടിച്ചെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ശനി, ഞായർ ദിവസങ്ങളിൽ മാത്രമാണ് പാമ്പ് കടിയേൽക്കുന്നതെന്നും അതിന് തൊട്ടുമുമ്പ് തനിക്ക് കടിയേൽക്കുമെന്ന തോന്നലുണ്ടാകുമെന്നും വികാസ് വിദഗ്ദ്ധ സമിതിയോട് പറഞ്ഞിരുന്നു. തുടർന്ന് പല തവണ വിഷ ചികിത്സയ്ക്കായി ആശുപത്രിയികൾ കേറിയതോടെ ചികിത്സയ്ക്ക് പണമില്ലാതാകുകയും കുടുംബം ജില്ലാ മജിസ്‌ട്രേറ്റിന്റെ സാമ്പത്തിക സഹായം ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ജില്ലാ മജിസ്‌ട്രേറ്റ് ഡോക്ടർമാരുടേയും ഫോറസ്റ്റ് ഓഫീസർമാരുടേയും അഡിമിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരേയു വിളിച്ചുകൂട്ടി ഒരു വിദഗ്ദ്ധ സമിതിയുണ്ടാക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. ഈ അസാധരണ സംഭവത്തിന്റെ കാരണം കണ്ടെത്തുക എന്നതായിരുന്നു അന്വേഷണത്തിന്റെ ലക്ഷ്യം. ചീഫ് മെഡിക്കൽ ഓഫീസർ ഡോ രാജീവ് നായർ ഗിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.