നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയം; KGMOA

ഡോക്ടർമാരുടെ ചട്ടവിരുദ്ധ സ്വകാര്യ പ്രാക്ടീസിനെതിരെ സംസ്ഥാന വ്യാപകമായി വിജിലൻസ് പരിശോധന നടത്തിയ സംഭവത്തിൽ നിയമ വിധേയമായി വീടുകളിൽ പ്രാക്ടീസ് നടത്തിയ ആരോഗ്യ വകുപ്പ് ഡോക്ടർമാരെ അവഹേളിക്കുന്ന തരത്തിലുള്ള വിജിലൻസ് നടപടി അപലപനീയമെന്ന് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന കെജിഎംഒഎ. ആരോഗ്യ വകുപ്പിന് കീഴിലുള്ള ഡോക്ടർമാർക്ക് അവരുടെ ഡ്യൂട്ടി സമയത്തിന് പുറത്തുള്ള സമയത്ത് പ്രാക്ടീസ് നടത്തുന്നതിന് സർക്കാർ അനുമതിയുണ്ട്. ശമ്പള പരിഷ്കരണ കമ്മീഷൻ പോലും ഇത് ചൂണ്ടിക്കാട്ടിയാണ് അർഹമായ ആനുകൂല്യങ്ങൾ പലതും നിഷേധിച്ചത്. മാത്രവുമല്ല മെഡിക്കൽ കോളേജുകളിൽ നിന്ന് വിഭിന്നമായി ആരോഗ്യ വകുപ്പ് ഡോക്ടർമാർക്ക് നോൺ പ്രാക്ടീസിംഗ് അലവൻസ് അനുവദിച്ചിട്ടുമില്ല എന്നും kgmoa കൂട്ടിച്ചേർത്തു. സംസ്ഥാന വ്യാപകമായി ഡോക്ടർമാരെ വീടുകളിൽ കയറി അവരുടെ സ്വകാര്യതയെ പോലും ലംഘിച്ചു കൊണ്ട് അവഹേളിക്കുന്ന തരത്തിൽ നടത്തപ്പെട്ട വിജിലൻസ് റെയ്ഡുകളിൽ കെ. ജി. എം. ഒ.എ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഡോക്ടർമാരുടെ ആത്മവീര്യം തകർക്കുകയും അവരെ പൊതുജനമധ്യേ അപമാനിക്കുകയും ചെയ്യുന്ന ഇത്തരം നടപടികൾ അവസാനിപ്പിക്കണമെന്ന് കെ. ജി. എം. ഒ.എ സർക്കാരിനോട് ആവശ്യപ്പെട്ടു.