ഉറക്കത്തിനിടയിൽ ഷോപ്പിങ് ചെയ്യുന്ന അത്യപൂർവ അവസ്ഥയായ പാരാംസോനിയ മൂലം ദുരിതം അനുഭവിക്കുന്ന യുവതിയുടെ കഥയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്നുള്ള കെല്ലി നൈപ്സ് എന്ന നാൽപത്തിരണ്ടുകാരിയാണ് തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. പാരാംസോനിയ എന്ന ഉറക്കത്തകരാറുമൂലമാണ് യുവതി സ്വയമറിയാതെ ഷോപ്പിങ് ചെയ്യുന്നത്. ഇതിലൂടെ ലക്ഷങ്ങളുടെ സാമ്പത്തികനഷ്ടമാണ് തനിക്കുണ്ടാക്കുന്നതെന്നും കെല്ലി വ്യക്തമാക്കി. ഉറക്കത്തിനിടയിൽ പാതിബോധത്തിൽ പെയിന്റിങ്ങുകൾ, പുസ്തകങ്ങൾ, കളിപ്പാട്ടങ്ങൾ, ഫ്രിഡ്ജ്, മേശ, മധുരപലഹാരങ്ങൾ തുടങ്ങിയ സാധനങ്ങൾ കെല്ലി വാങ്ങിച്ചിട്ടുണ്ട്. കൂർക്കംവലിയും ഉറക്കസംബന്ധമായ തകരാറുകളും തടയാനുള്ള സി.പി.എ.പി മെഷീൻ ഘടിപ്പിച്ച് ഉറങ്ങാൻ തുടങ്ങിയത് മുതൽ കുറച്ചൊക്കെ ഗുണംചെയ്തെങ്കിലും ഇതും ഉറക്കത്തിനിടെ താൻ സ്വയമറിയാതെ നീക്കാൻ തുടങ്ങിയെന്നും കെല്ലി കൂട്ടിച്ചേർത്തു.