സംസ്ഥാനത്തിന്റെ സർക്കാർ ആശുപത്രികൾ ഇനി മുതൽ ആയുഷ്മാൻ ആരോഗ്യ മന്ദിർ. സർക്കാർ പ്രാഥമിക, ജനകീയ, കുടുംബ ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ഇനി ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് ചേർക്കും. കേന്ദ്രത്തിന്റെ സമ്മർദ്ദത്തിനു പിന്നാലെ പേര് മാറ്റാനാകില്ലെന്ന നിലപാട് തിരുത്തിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോഗ്യവകുപ്പ് പേര് മാറ്റത്തിന് വഴങ്ങിയത്. ഈ പേരിനൊപ്പം ആരോഗ്യ പരമം ധനം എന്ന ടാഗ്ലൈനും ചേർക്കും. പേര് മാറ്റം നിർദ്ദേശിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഉത്തരവിറക്കിയിട്ടുണ്ട്. എത്രയും വേഗം ഉത്തരവ് നടപ്പിലാക്കാനാണ് നിർദേശം. നാഷണൽ ഹെൽത്ത് മിഷന്റെ ഫണ്ടിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കുടുംബ, ജനകീയ, പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പം ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് പേര് ചേർക്കണമെന്ന നിബന്ധന നേരത്തെ തന്നെ കേന്ദ്രസർക്കാർ നൽകിയിരുന്നു. കഴിഞ്ഞ ഡിസംബറിനുള്ളിൽ ഈ തീരുമാനം നടപ്പിലാക്കണമെന്നായിരുന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശം. എന്നാൽ കേന്ദ്രത്തിന്റെ ബ്രാൻഡിംഗ് നിബന്ധനകൾക്ക് വഴങ്ങില്ല എന്നായിരുന്നു സംസ്ഥാന സർക്കാർ സ്വീകരിച്ച നിലപാട്.