സംസ്ഥാനത്ത് പക്ഷിപ്പനി പ്രതിരോധത്തിനായി പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീം തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും, കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. കർഷകരും പക്ഷി വളർത്തുന്നവരും, അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകുന്ന മാർഗരേഖയാണിത്. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.