അനോറെക്സിയ നെർവോസ എന്ന ഈറ്റിങ് ഡിസോർഡർ ഉള്ളവരിൽ അകാലമരണ സാധ്യത കൂടുതലെന്ന് പഠനം. ഡെന്മാർക്കിൽ നിന്നുള്ള ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അനോറെക്സിയ നെർവോസ ഉള്ളവരിൽ മരണനിരക്കിനുള്ള സാധ്യത കൂടുതലാണെന്നും,അതോടൊപ്പം കടുത്ത മാനസികാരോഗ്യപ്രശനങ്ങളും മരണസാധ്യത ഇരട്ടിയാക്കുമെന്നും പഠനം കൂട്ടിച്ചേർക്കുന്നു. 14,774 പേരുടെ ആരോഗ്യവിവരങ്ങൾ ശേഖരിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. മറ്റുള്ളവരെ അപേക്ഷിച്ച് അനോറെക്സിയ നെർവോസ ഉള്ളവരിൽ അകാലമരണസാധ്യത 4.5 മടങ്ങ് കൂടുതലാണ്. ഈ രോഗമുള്ളവരിലെ മരണങ്ങളിൽ 13 ശതമാനവും ആത്മഹത്യ മൂലമാണെന്നും പഠനത്തിൽ വ്യക്തമാക്കുന്നു. അനോറെക്സിയ നെർവോസ ഉള്ളവരുടെ മാനസീകാരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചികിത്സാരീതികൾക്ക് ആരോഗ്യപ്രവർത്തകർ തയ്യാറാകണമെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. ഇന്റർനാഷണൽ ജേർണൽ ഓഫ് ഈറ്റിങ് ഡിസോർഡേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.