ദീർഘ സമയം ഇരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങൾ ഒഴിവാക്കാൻ കാപ്പി കുടിക്കുന്നത് നല്ലതെന്നു ഗവേഷകർ. ചൈനയിലെ സൂചൗ സർവകലാശാലയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. അമേരിക്കയിൽ നിന്നുള്ള 10,000 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. ഒരുദിവസം ആറോ, അതിലധികമോ മണിക്കൂറുകൾ ഇരിക്കുന്നവരാണെങ്കിൽ കാപ്പികുടിക്കുന്ന ശീലം ഗുണംചെയ്യുമെന്നാണ് പഠനത്തിലുള്ളത്. ദീർഘസമയം ഇരുന്നു ജോലി ചെയ്യുന്ന കാപ്പികുടി ശീലമുള്ളവർക്ക് പല രോഗങ്ങൾ മൂലമുള്ള മരണസാധ്യത 24 ശതമാനം കുറവാണെന്ന് പഠനത്തിൽ കണ്ടെത്തി. ദിവസവും രണ്ടോ അതിലധികമോ കാപ്പി കുടിക്കുന്നത് ഹൃദ്രോഗസാധ്യതകളെ ഇല്ലാതാക്കും എന്നാണ് ഗവേഷകർ പറയുന്നത്. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ, ടൈപ് 2 ഡയബറ്റിസ്, ഹൃദ്രോഗ സാധ്യത, പക്ഷാഘാതം എന്നിവ കുറയ്ക്കും എന്നും പഠനം പറയുന്നു. ബി.എം.സി. പബ്ലിക് ഹെൽത്ത് എന്ന ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.