മൃഗസ്‌നേഹികളുടെ ഹൃദയം നിറച്ച് വ്യവസായപ്രമുഖൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്

മൃഗസ്‌നേഹികളുടെ ഹൃദയം നിറച്ച് വ്യവസായപ്രമുഖൻ രത്തൻ ടാറ്റയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ്. ടാറ്റ ഗ്രൂപ്പിന്റെ മുംബൈയിൽ പ്രവർത്തിക്കുന്ന സ്‌മോൾ അനിമൽ ഹോസ്പിറ്റൽ എന്ന മൃഗാശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ള ഒരു കുഞ്ഞൻ നായയ്ക്ക് വേണ്ടി അടിയന്തരസഹായം തേടിയാണ് പോസ്റ്റ്. ചെള്ളുപനി ബാധിച്ച് ചികിത്സയിലുള്ള ഏഴ് മാസം പ്രായമുള്ള കുഞ്ഞൻ നായയ്ക്ക് അടിയന്തരമായി രക്തം ലഭ്യമാക്കാനുള്ള സഹായമാണ് ടാറ്റ തേടിയിരിക്കുന്നത്. അടിയന്തരമായി ‘രക്തദാതാവി’നെ ആവശ്യമാണെന്ന കാര്യം ടാറ്റ പോസ്റ്റിൽ എടുത്തുപറയുന്നുണ്ട്. നായയുടെയുടെ ചിത്രവും അദ്ദേഹം പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രക്തദാതാവിന് വേണ്ട യോഗ്യതകളും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്‌റ്റോറിയായും ടാറ്റ ഈ അപേക്ഷ ചേർത്തിട്ടുണ്ട്. ‘മുംബൈ, എനിക്ക് നിങ്ങളുടെ സഹായം ആവശ്യമുണ്ട്’ എന്ന കുറിപ്പോടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. ഒരുവയസിനും എട്ട് വയസിനും ഇടയിൽ പ്രായമുള്ള ആരോഗ്യമുള്ള, 25 കിലോഗ്രാമോ അതിലധികമോ ശരീരഭാരമുള്ള, കൃത്യമായി വാക്‌സിനേഷനും വിരയിളക്കലും നടത്തിയ, അടുത്തിടെ ഗുരുതരരോഗങ്ങൾ ബാധിക്കാത്ത, ചെള്ളുകളില്ലാത്ത, കഴിഞ്ഞ ആറ് മാസത്തിനിടെ ചെള്ളുപനി ബാധിച്ചിട്ടില്ലാത്ത നായകളാകണം രക്തദാതാക്കളെന്ന് ടാറ്റ പോസ്റ്റിൽ പറയുന്നു. ബന്ധപ്പെടുന്നതിനായി ഫോൺ നമ്പറും നൽകിയിട്ടുണ്ട്. മൃഗസ്‌നേഹികളും അല്ലാത്തവരുമായി നിരവധി പേരാണ് പോസ്റ്റിനോട് പ്രതികരിച്ചത്.