ശക്തമായി തുമ്മിയപ്പോൾ, ശസ്ത്രക്രിയ ചെയ്ത ഭാഗത്തെ മുറിവിലൂടെ 63-കാരന്റെ കുടലിന്റെ ഭാഗം പുറത്തുവന്നതായി റിപ്പോർട്ട്. ഫ്ളോറിഡയിലാണ് സംഭവം. അമേരിക്കൻ ജേണൽ ഓഫ് മെഡിക്കൽ കേസ് റിപ്പോർട്ടിന്റെ മേയ് മാസത്തിലെ എഡിഷനിലാണ് സംഭവത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്. സംഭവം നടക്കുന്നതിന് 15-ദിവസം മുൻപ് പ്രോസ്റ്റേറ്റ് കാൻസർ ചികിത്സയുടെ ഭാഗമായി ഇദ്ദേഹത്തിന്റെ മൂത്രസഞ്ചി നീക്കംചെയ്തിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ദിവസങ്ങളായതു കൊണ്ടു തന്നെ അടിവയറ്റിലെ മുറിവുകൾ ഉണങ്ങി വരുന്നതേ ഉണ്ടായിരുന്നുള്ളു. സംഭവദിവസം രാവിലെ മുറിവ് ഉണങ്ങുന്നുണ്ടെന്നും മുറിവുണങ്ങാൻ തുന്നിവെച്ചിരിക്കുന്ന സ്റ്റാപ്പിളുകൾ ഡോക്ടർ മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഇദ്ദേഹം ശക്തിയിൽ തുമ്മുകയും തുടർന്ന് ചുമയ്ക്കുകയും ചെയ്തു. ഉടൻ തന്നെ അടിവയറിൽ നനവുപോലെ അനുഭവപ്പെടുകയും പിന്നീട് ശസ്ത്രക്രിയ നടന്ന ഭാഗത്തുകൂടി കുടലിന്റെ ഭാഗങ്ങൾ പുറത്തുവന്നതായും റിസർച്ച് റിപ്പോട്ടിൽ പറയുന്നു. ആശുപത്രിയിലെത്തിയ ഇദ്ദേഹത്തിന്റെ, പുറത്തുവന്ന കുടലിന്റെ ഭാഗം ഡോക്ടർമാർ അകത്തേക്ക് തുന്നിചേർത്തു. കുടലിനു പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.