കുട്ടികളിലെ പോഷണക്കുറവിനും അതുമൂലമുണ്ടാകുന്ന രോഗങ്ങൾക്കുമെതിരെ ഫലപ്രദമായി ഇടപെടൽ നടത്താൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആന്റ് റിഹാബിലിറ്റേഷനിൽ (നിപ്മർ) ഫീഡിംഗ് ഡിസോഡർ ക്ലിനിക് ആരംഭിച്ചു. വളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ പല ഭക്ഷണങ്ങളും കുട്ടികൾ കഴിക്കാൻ കൂട്ടാക്കാറില്ല. ഇത് കുട്ടികളെ പോഷണക്കുറവിലേക്കും മറ്റു രോഗങ്ങളിലേക്കും നയിക്കുന്നു. ഇത്തരം പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടുന്നതിനുള്ള സംവിധാനമാണ് ഫീഡിംഗ് ഡിസോഡർ ക്ലിനിക്. കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ മെനു പ്ലാനുകൾ തയ്യാറാക്കുന്നതിനും അവ കുട്ടികളുടെ രക്ഷിതാക്കളുടെ സഹകരണത്തോടെ നടപ്പിലാക്കുന്നതിനും നിപ്മറിലെ വിദഗ്ധ ടീം സജീവമായി ഇടപെടും. ഡയറ്റീഷൻ, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യുക്കേറ്റർമാർ എന്നിവരടങ്ങുന്ന ടീം ആണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഡയറ്റീഷന്റെ നേതൃത്വത്തിൽ ഓരോ കുട്ടിയുടേയും ഭക്ഷണ ‘ശീലവും ഭക്ഷണക്രമവും ശരിയായി നിരീക്ഷിച്ച ശേഷമാണ് ആവശ്യമായ മെനു പ്ലാൻ തയ്യാറാക്കുന്നത്. തുടക്കത്തിൽ മൂന്നുമാസ കാലയളവുള്ള പരിശീലന പദ്ധതിക്കാണ് നിപ്മർ രൂപം നൽകിയിട്ടുള്ളത്. രണ്ടു വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾക്കായുള്ള ക്ലിനിക്കാണിത്.