മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി

മുംബൈയിൽ ഡോക്ടർ ഓൺലൈനായി വാങ്ങിയ ഐസ്ക്രീമിൽ മനുഷ്യൻ്റെ വിരൽ കണ്ടെത്തി. മലഡ് സദ്വേശിയായ ബ്രെൻഡൻ സെറാവോ എന്ന 26 കാരനായ ഡോക്ടർ വാങ്ങിയ ഐസ്ക്രീമിലാണ് വിരൽ കണ്ടത്. ഭക്ഷ്യവിതരണ ആപ്പായ സെപ്റ്റോ വഴിയാണ് ഐസ്ക്രീം ഓർഡർ ചെയ്തത്. പകുതിയോളം കഴിച്ച ശേഷം കട്ടിയുള്ള എന്തോ നാവിൽ തട്ടിയെന്നും തുടർന്ന് നടത്തിയ പരിശോധനയിലാണ് കൈവിരലിൻറെ ഭാഗം കണ്ടെത്തിയതെന്നും ഡോക്‌ടർ പറയുന്നു. ഡോക്ടർ ഐസ് ക്രീം നിർമ്മാതാവിൻ്റെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെട്ട് പരാതിപ്പെടുകയായിരുന്നു. എന്നാൽ കമ്പനിയിൽ നിന്ന് പ്രതികരണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് ഐസ് ക്രീമിൽ നിന്ന് കണ്ടെത്തിയ മാംസക്കഷ്ണവുമായി ഇയാൾ മലാഡ് പൊലീസ് സ്റ്റേഷനെ സമീപിച്ചു. ഡോക്ടറുടെ പരാതിയിൽ, ഐസ്ക്രീം നിർമ്മാതാക്കളുടെ അജ്ഞാതനായ ഒരു ജീവനക്കാരനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. വിരൽ ഫോറൻസിക് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. വിഷയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും ഐസ്ക്രീം നിർമിച്ച് പാക്ക് ചെയ്യുന്ന സ്ഥലം പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ​സംഭവത്തിൽ പ്രതികരിക്കാൻ ഐസ്ക്രീം നിർമാതാക്കൾ തയ്യാറായിട്ടില്ല.