അപൂർവ രോഗ ചികിത്സയിൽ രാജ്യത്തിന് മാതൃകയായി കേരളം. ഇന്ത്യയിൽ ആദ്യമായി സർക്കാർ തലത്തിൽ സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി ബാധിച്ച എല്ലാ കുട്ടികൾക്കും സൗജന്യമായി മരുന്ന് നൽകി കേരളം. കേരളത്തിലെ എസ്എംഎ ബാധിതരായ 12 വയസിന് താഴെയുള്ള മുഴുവൻ കുട്ടികൾക്കും സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെയാണ് മരുന്ന് നൽകിയത്. സംസ്ഥാനത്ത് എസ്എംഎ ബാധിച്ച 6 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രമാണ് നേരത്തെ മരുന്ന് നൽകിയിരുന്നത്. എന്നാൽ അപൂർവരോഗ ബാധിതരായവർക്ക് കൂടുതൽ പിന്തുണ നൽകുന്നതിന്റെ ഭാഗമായാണ് 12 വയസ് വരെയുള്ള കുട്ടികൾക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കിയത്. 6 വയസിന് മുകളിലുള്ള 23 കുട്ടികൾ ഉൾപ്പെടെ 12 വയസുവരെയുള്ള ആകെ 80 കുട്ടികൾക്കാണ് ഒരു ഡോസിന് 6 ലക്ഷത്തോളം രൂപ വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകിയത്. ഈ കുട്ടികൾക്ക് തുടർചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും നൽകും എന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.