പല്ലുകൾ വീണ്ടും മുളപ്പിക്കാൻ കഴിയുന്ന മരുന്ന് വികസിപ്പിച്ച് ജപ്പാൻ. ജപ്പാനിലെ ക്യോട്ടോ യൂനിവേഴ്‌സിറ്റി ആശുപത്രിയിലെ ദന്തരോഗ വിദഗ്ധരാണ് പരീക്ഷണത്തിന് പിന്നിൽ. രാജ്യത്തെ ശാസ്ത്ര-സാങ്കേതിക വാർത്താ പോർട്ടലായ ‘ന്യൂ അറ്റ്‌ലസ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തതത്. എലികളിലും കീരികളിലുമാണ് ഈ മരുന്നുകൾ പരീക്ഷിച്ചു വിജയം കണ്ടിരിക്കുന്നത്. മരുന്നിനു പാർശ്വഫലങ്ങളൊന്നുമില്ലെന്നും സ്ഥിരീകരിച്ചു. മൃഗങ്ങളിൽ പരീക്ഷിച്ച മരുന്ന് ഏതാനും മാസങ്ങൾക്കകം മനുഷ്യരിലും പരീക്ഷിക്കാനിരിക്കുകയാണ് ഗവേഷകർ. ഈ വർഷം സെപ്റ്റംബർ മുതൽ 2025 ആഗസ്റ്റ് വരെ പരീക്ഷണം നടക്കും. 30നും 64നും ഇടയിൽ പ്രായമുള്ള ഒരു അണപ്പല്ലെങ്കിലും നഷ്ടപ്പെട്ടവർക്കിടയിലാണു പരീക്ഷണം നടക്കുന്നത്. ആദ്യഘട്ടത്തിൽ 30 പുരുഷന്മാർക്കായിരിക്കും ചികിത്സ നടത്തുക. ഇനി ഇത് മനുഷ്യരിൽ എത്രകണ്ടു ഫലപ്രദമാകുമെന്നാണ് അറിയാനുള്ളത്. ഞരമ്പുകളിലൂടെയുള്ള ദന്തചികിത്സയാണ് ആശുപത്രി ഗവേഷകർ നടത്താനിരിക്കുന്നത്. പല്ലു നഷ്ടപ്പെട്ടതിന്റെ ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാനാണ് ഇത്തരമൊരു ദൗത്യത്തിനിറങ്ങിയതെന്നാണ് ഗവേഷകരുടെ അഭിപ്രായം. പല്ല് നഷ്ടപ്പെട്ടാൽ അതു തിരിച്ചെടുക്കാനായി ഇതുവരെയും ഒരു ചികിത്സയും നിലവിലില്ല. അതുകൊണ്ട് ഇത്തരമൊരു മരുന്നിനെ ഏറെ പ്രതീക്ഷയോടെയായിരിക്കും ആളുകൾ നോക്കിക്കാണുന്നതെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. 2030ഓടെ വാണിജ്യാടിസ്ഥാനത്തിൽ മരുന്ന് നിർമിച്ചു വിപണിയിൽ ലഭ്യമാക്കാനാണു ഗവേഷകസംഘം ലക്ഷ്യമിടുന്നത്. പല്ലിന്റെ വളർച്ചയെ മുരടിപ്പിക്കുന്ന ഗർഭാശയ സംവേദനശേഷിയുമായി ബന്ധപ്പെട്ട ജീൻ-1 പ്രോട്ടീനെ നിർജീവമാക്കുകയാണ് മരുന്ന് ചെയ്യുന്നത്.