ടെലി മാനസ്‌ ഹെൽപ്‌ ലൈനിലേക്ക്‌ നാളിതു വരെ വന്ന്ത് പത്ത്‌ ലക്ഷത്തിലധികം കോളുകൾ എന്ന് റിപ്പോർട്ട്

മാനസിക പ്രശ്‌നങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏർപ്പെടുത്തിയ ടെലി മാനസ്‌ ഹെൽപ്‌ ലൈനിലേക്ക്‌ നാളിതു വരെ വന്ന്ത് പത്ത്‌ ലക്ഷത്തിലധികം കോളുകൾ എന്ന് റിപ്പോർട്ട്. ദിവസവും ശരാശരി 3500 കോളുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന്‌ വരുന്നുണ്ടെന്ന്‌ ആരോഗ്യ മന്ത്രാലയം പ്രസ്‌താവനയിൽ അറിയിച്ചു. മാനസികാരോഗ്യ പ്രശ്‌നങ്ങൾ നേരിടുന്നവർക്ക്‌ വിവിധ ഭാഷകളിൽ വിദഗ്‌ധ കൗൺസിലർമാരുടെ സേവനങ്ങൾ നൽകുന്ന സംവിധാനമാണ്‌ ടെലി-മാനസ്‌. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 51 കേന്ദ്രങ്ങളാണ്‌ ഇത്തരത്തിൽ ഉള്ളത്‌. തിരുവനന്തപുരത്തുള്ള സംസ്ഥാന മാനസികാരോഗ്യ പ്രോഗ്രാം ഓഫീസിലാണ്‌ കേരളത്തിലെ ടെലി-മാനസ്‌ കേന്ദ്രം പ്രവർത്തിക്കുന്നത്‌. വിദഗ്‌ധ സേവനം ആവശ്യമുള്ള ഉപഭോക്താവിനെ ക്ലിനിക്കൽ സൈക്കോളജിസ്‌റ്റ്‌, സൈക്യാട്രിക്‌ സോഷ്യൽ വർക്കർ, സൈക്യാട്രിക്‌ നഴ്‌സ്‌, സൈക്യാട്രിസ്‌റ്റ്‌ എന്നിവരാണ്‌ കൈകാര്യം ചെയ്യുക. ഈ തലത്തിൽ ഓഡിയോ, വീഡിയോ അധിഷ്‌ഠിത കോളിനുള്ള സംവിധാനമുണ്ട്‌. നേരിട്ടുള്ള പരിചരണമോ കൂടുതൽ വിലയിരുത്തലോ ആവശ്യമുള്ള രോഗികളെ അടുത്ത മാനസികാരോഗ്യ വിദഗ്‌ധന്റെ അടുക്കലേക്ക്‌ റഫർ ചെയ്യുകയോ ഇ-സഞ്‌ജീവനി വഴി ഓഡിയോ-വീഡിയോ കൺസൾട്ടേഷൻ ഏർപ്പെടുത്തുകയോ ചെയ്യുന്നതാണ്‌.