കേൾവിക്കുറവ് ഉണ്ടായതിനേക്കുറിച്ചും രോഗസ്ഥിരീകരണം നടത്തിയതിനേക്കുറിച്ചും ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ച് ഗായിക അൽക യാഗ്നിക്. ആഴ്ചകൾക്ക് മുമ്പ് ഒരു വിമാന യാത്രയ്ക്കു ശേഷമാണ് തനിക്ക് പെട്ടെന്ന് കേൾവിക്കുറവ് ഉണ്ടായതെന്ന് അൽക പറയുന്നു. അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷനാണെന്നു സ്ഥിരീകരിച്ചു എന്നും അതിനു കാരണമായത് വൈറൽ ഇൻഫെക്ഷനാണെന്നും അൽക കുറിപ്പിൽ പറയുന്നു. വിമാനത്തിൽ നിന്നിറങ്ങി നടക്കുന്നതിനു ഇടയിലാണ് പെട്ടെന്ന് ഒന്നും കേൾക്കാതായത്. തുടർന്നാണ് സെൻസറി ന്യൂറൽ നെർവ് ഹിയറിങ് ലോസ് ആണെന്ന് ഡോക്ടർ സ്ഥിരീകരിച്ചത്. എല്ലാവരും പ്രാർഥനയിൽ തന്നേയും ഉൾപ്പെടുത്തണം എന്നും താരം കുറിപ്പിൽ പറയുന്നു. ഉച്ചത്തിൽ പാട്ടുകേൾക്കുകയും ഹെഡ്ഫോൺ ഉപയോഗിക്കുകയും ചെയ്യുന്നശീലമുള്ള യുവാക്കൾക്ക് മുന്നറിയിപ്പ് നൽകുകയാണെന്നും അൽക പറയുന്നു. എല്ലാവരുടെയും സ്നേഹവും പിന്തുണയും തനിക്കുണ്ടാകണമെന്നും അൽക കുറിച്ചു.