കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്

മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആരോഗ്യ അറിവുകൾ വീട്ടിലേക്ക് എത്തിക്കാനാകും. എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.