അങ്കമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ സിനിമാ ചിത്രീകരണത്തിന് അനുമതി നൽകിയ സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജ് വിശദീകരണം തേടി. ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. ആരോഗ്യവകുപ്പ് ഡയറക്ടറാണ് ഷൂട്ടിങ്ങിന് അനുമതി നൽകിയതെന്ന വിവരവും പുറത്തു വന്നു. സംഭവം വിവാദമായതിനെ തുടർന്ന് ഷൂട്ടിങ് നിർത്തി. പൈങ്കിളി എന്ന സിനിമ കഴിഞ്ഞ ദിവസം രാത്രി ഒൻപതു മണിയോടെയാണു ചിത്രീകരണം തുടങ്ങിയത്. അത്യാഹിത വിഭാഗത്തിലെ ലൈറ്റുകൾ മറച്ചും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുമായിരുന്നു ചിത്രീകരണം. അഭിനേതാക്കൾ ഉൾപ്പെടെ അൻപതോളം പേർ അത്യാഹിത വിഭാഗത്തിൽ ഉണ്ടായിരുന്നു. ഡോക്ടർമാർ ചികിത്സ തുടരുന്നതിനിടയിലും സിനിമാ ചിത്രീകരണം നടന്നു എന്നാണ് വിവരം. പരിമിതമായ സ്ഥലമാണ് അത്യാഹിത വിഭാഗത്തിലുള്ളത്. അത്യാസന്ന നിലയിലുള്ള രോഗിയുമായി എത്തിയയാൾക്ക് അത്യാഹിത വിഭാഗത്തിലേക്കു പ്രവേശിക്കാൻ പോലുമായില്ല. പ്രധാന കവാടത്തിലൂടെ ആരെയും കടത്തിവിട്ടുമില്ല. ചിത്രീകരണ സമയത്തു നിശബ്ദത പാലിക്കാൻ അണിയറ പ്രവർത്തകർ രോഗികളോടും കൂട്ടിരിപ്പുകാരോടും നിർദേശിക്കുന്നുണ്ടായിരുന്നു. 2 ദിവസമായിരുന്നു ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിനു പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ഇടപെടൽ.