ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന

ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ആശുപത്രി ആരംഭിക്കാൻ ഒരുങ്ങി ചൈന. ബെയ്‌ജിംഗിൽ സ്ഥിതി ചെയ്യുന്ന സിങ്‌ഹുവ സർവകലാശാലയിലെ AI ഗവേഷകരാണ് “ഏജൻ്റ് ഹോസ്പിറ്റൽ” എന്ന AI ആശുപത്രിയ്ക്ക് പിന്നിൽ. പൂർണമായും virtual സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന ഈ ആശുപത്രിയിൽ 14 AI ഡോക്ടർമാരും നാല് AI നഴ്‌സുമാരും ഉണ്ടാകും. ഈ AI ഡോക്ടർമാർ രോഗികളെ പരിശോധിക്കുകയും, വിശദമായ പരിചരണ പദ്ധതി തയ്യാറാക്കുകയും ചെയ്യും. രോഗി പരിചരണത്തിൽ മനുഷ്യ സഹജമായ തെറ്റുകൾ ഒഴിവാക്കാൻ AI ഡോക്ടർമാർക്ക് സാധിക്കുമെന്നാണ് ആശുപത്രിയുടെ അവകാശ വാദം. പരമ്പരാഗത ആശുപത്രികളിൽ നിന്ന് വ്യത്യസ്തമായി, 4 ദിവസങ്ങൾക്കുള്ളിൽ 10,000 രോഗികളെ വരെ പരിചരിക്കാൻ AI ഡോക്ടർമാർക്ക് സാധിക്കും. മനുഷ്യ ഡോക്ടർമാർക്ക് ഇതിനു കുറഞ്ഞത് രണ്ട് വർഷമെങ്കിലും എടുക്കും. ഏജൻ്റ് ഹോസ്പിറ്റലിലെ AI ഡോക്ടർമാർ യുഎസ് മെഡിക്കൽ ലൈസൻസ് പരീക്ഷയിൽ മികച്ച ഫലം കിട്ടിയവരാണെന്നും, കർശനമായ പരിശോധനയ്ക്ക് വിധേയരായവരായവരാണ് എന്നും ഗവേഷകർ പറയുന്നു. ഈ വർഷം അവസാനം പ്രവർത്തനം ആരംഭിക്കുന്ന ആശുപത്രി തുടക്കത്തിൽ മെഡിക്കൽ വിദ്യാർത്‌ഥികൾക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. പിന്നീട് ചൈനയിലുടനീളമുള്ള രോഗികളെ പരിശോധിക്കും. പ്രദേശത്തെ പകർച്ചവ്യാധികൾ മുൻകൂട്ടി പ്രവചിക്കാനും വേണ്ട മുൻകരുതലുകൾ എടുക്കാനും ഈ AI ആശുപത്രിക്കാവുമെന്നും ഗവേഷകർ പറയുന്നു.