ഇന്നലെ മാത്രം അട്ടപ്പാടിയിൽ അരിവാൾ രോഗം ബാധിച്ച് മരിച്ചത് രണ്ട് ആദിവാസി യുവതികൾ. കൊല്ലങ്കടവ് ഊരിലെ വള്ളി (26), മേലെ കണ്ടിയൂർ സ്വദേശിനി സൗമ്യ (25) എന്നിവരാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്നു വള്ളി. വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയായിരുന്നു മരണം. ദീർഘകാലമായി അരിവാൾരോഗത്തിന് ചികിത്സയിലായിരുന്ന യുവതി മലപ്പുറം വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ലാബ് ടെക്‌നീഷ്യനായിരുന്നു. കഴിഞ്ഞയാഴ്ച കൈകാൽ വേദനയെത്തുടർന്ന് വീട്ടിലെത്തി കോട്ടത്തറ ആശുപത്രിയിലും തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു. ആരോഗ്യ നില മോശമായതിനെത്തുടർന്ന് കോട്ടത്തറ ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സമാന ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന സൗമ്യ എന്ന യുവതിയും ചികിത്സയിലിരിക്കെ കോട്ടത്തറ ആശുപത്രിയിൽ വെള്ളിയാഴ്ച രാത്രി എട്ടരയോടെ മരിച്ചു.