തനിക്ക് അപൂർവമായ സെൻസറി ന്യൂറൽ നെർവ് കണ്ടീഷൻ സ്ഥിരീകരിച്ചുവെന്ന പ്രശസ്ത ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തലിനു പിന്നാലെ രോഗമുക്തി ആശംസിച്ചിരിക്കുകയാണ് സോനു നിഗവും ഇള അരുണും. എന്തോ ഒന്ന് ശരിയല്ലെന്നൊരു തോന്നൽ തനിക്ക് അനുഭവപ്പെട്ടിരുന്നുവെന്നാണ് സോനു നിഗത്തിന്റെ പ്രതികരണം. താൻ തിരിച്ചുവന്നാലുടൻ അൽകയെ സന്ദർശിക്കുമെന്നും ദൈവം സഹായിച്ച് രോഗാവസ്ഥയിൽനിന്ന് വേഗത്തിൽ മുക്തയാവട്ടെയെന്നും സോനു നിഗം കൂട്ടിച്ചേർത്തു. ഇങ്ങനെയൊരു വാർത്ത കേൾക്കാനിടവന്നതിൽ അതിയായ വിഷമമുണ്ടെന്ന് ഇള അരുൺ പ്രതികരിച്ചു. “ഞാൻ നിങ്ങളുടെ ഫോട്ടോ കണ്ട് റിയാക്ഷൻ ഇട്ടശേഷമാണ് ആ കുറിപ്പ് വായിച്ചത്. എന്റെ ഹൃദയം തകർന്നുപോയി. പക്ഷേ ദൈവത്തിന്റെ അനുഗ്രഹവും, ഇപ്പോഴുള്ള മികച്ച ഡോക്ടർമാരും സഹായിച്ച് നിങ്ങൾ അതിവേഗത്തിൽ തിരിച്ചുവരും. ഞങ്ങൾ വീണ്ടും നിങ്ങളുടെ മനോഹരമായ ശബ്ദം കേൾക്കും എന്നും ഇള കൂട്ടിച്ചേർത്തു.