കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ കീഴിൽ എഴുപത് വയസിനു മുകളിൽ പ്രായമുള്ള രാജ്യത്തെ എല്ലാ പൗരർക്കും ആരോഗ്യ പരിരക്ഷ ലഭ്യമാക്കുമെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു അറിയിച്ചു. പാർലമെന്റിന്റെ ഇരുസഭകളുടേയും സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യവെയാണ് രാഷ്ട്രപതി ഇക്കാര്യം വ്യക്തമാക്കിയത്. രാജ്യത്തുടനീളം 25,000 ജൻ ഔഷധി കേന്ദ്രങ്ങൾ ആരംഭിക്കാനുള്ള നടപടികൾ ഊർജ്ജിതമായി പുരോഗമിക്കുകയാണെന്നും രാഷ്ട്രപതി വ്യക്തമാക്കി. ആയുഷ്മാൻ ഭാരത്-പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജനയുടെ സൗജന്യ ആരോഗ്യ സേവനങ്ങൾ രാജ്യത്തെ 55 കോടിയോളം ജനങ്ങൾക്ക് ലഭ്യമാകുന്നുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.