ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്

ദിവസവും രാത്രി ഒരു മണിക്കുശേഷം ഉറങ്ങുന്നവരുടെ മാനസികാരോ​ഗ്യം തകരാറിലാകുമെന്നു പഠന റിപ്പോർട്ട്. യു.കെ. ബയോബാങ്കിൽ നിന്നുള്ള 73,888 പേരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. നേരത്തേ ഉറങ്ങിയവരുടെ മാനസികാരോ​ഗ്യം തൃപ്തികരമായിരുന്നുവെന്നും ഒരുമണിക്കു ശേഷം ഉറങ്ങിയവരിൽ നാഡീസംബന്ധമായ തകരാറുകൾ, വിഷാദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങൾ കൂടുതലാണെന്നും ഗവേഷകർ കണ്ടെത്തി. എത്രത്തോളം വൈകി ഉറങ്ങുന്നോ അത്രത്തോളം ഉറക്കക്കുറവ് ​ഗുരുതരമാവുകയും മാനസികാരോ​ഗ്യം മോശമാവുകയും ചെയ്യുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. നേരത്തേ എഴുന്നേൽക്കേണ്ടി വരുന്നവർ കൂടിയാണെങ്കിൽ വൈകി ഉറങ്ങുന്നത് അവരുടെ ഉത്പാദനശേഷിയേയും ബാധിക്കും എന്ന് ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ഉറക്കം കുറയുന്നത് സ്ട്രെസ്സ് ഹോർമോണുകളുടെ ഉത്പാദനം കൂട്ടുകയും ഇത് മാനസികനില തകരാറിലാക്കുകയും ചെയ്യുമെന്നും ഗവേഷകർ പറയുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ ​ഗവേഷകരാണ് പഠനത്തിന് പിന്നിൽ.