ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ പ്രസവിച്ച ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വാര്‍ഡില്‍ പ്രസവിച്ച ഏഴ് ദിവസം പ്രായമായ നവജാത ശിശു മരിച്ചു. വണ്ടാനം സ്വദേശികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്നിട്ടും സൗമ്യയെ ലേബര്‍ റൂമിലേക്ക് മാറ്റിയില്ലെന്നും, യുവതി വാര്‍ഡില്‍ കിടന്ന് പ്രസവിച്ചെന്നുമാണ് ആരോപണം. കഴിഞ്ഞ മാസം 28-നായിരുന്നു സൗമ്യ പ്രസവിച്ചത്. ഇതിനുശേഷം കുഞ്ഞിന് അണുബാധയുണ്ടെന്നറിയിച്ച് തീവ്രപരിചരണവിഭാഗത്തിലാക്കി. ദിവസവും കൂടിയ വിലയുള്ള മരുന്നുകള്‍ വാങ്ങിനല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇത്രയും ദിവസമായി കുഞ്ഞിനെ ബന്ധുക്കളെയാരെയും കാണിച്ചില്ലെന്നും അവര്‍ ആരോപിച്ചു. ബുധനാഴ്ച രാത്രിയാണ് കുഞ്ഞു മരിച്ചതായി അറിയിച്ചത്. പിന്നാലെ രാത്രി പന്ത്രണ്ടോടെ മൃതദേഹവുമായി ബന്ധുക്കള്‍ പ്രസവമുറിക്കു മുന്‍പില്‍ പ്രതിഷേധം ആരംഭിച്ചു. പ്രസവസമയത്തുണ്ടായിരുന്ന ഡോക്ടറെത്തി വിശദീകരണം തരണമെന്നായിരുന്നു ആവശ്യം. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി. പുലര്‍ച്ചെ ഒന്നേകാലോടെ ആശുപത്രി സൂപ്രണ്ട് എത്തി ബന്ധുക്കളുമായി ചര്‍ച്ച നടത്തി. കുഞ്ഞിന്റെ മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റിയതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.