കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൽ മരണം 50 ആയി. വ്യാജമദ്യം നിർമിച്ച മുഖ്യപ്രതി ചിന്നദുരൈയെ പ്രത്യേക അന്വേഷണ സംഘം പിടികൂടി. വ്യാജമദ്യവുമായി ബന്ധപ്പെട്ട എഴുപതോളം കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ് സൂചിപ്പിച്ചു. 90ൽ അധികം പേർ ചികിത്സയിൽ കഴിയുന്നുണ്ട്. ചികിത്സയിൽ കഴിയുന്ന പലരുടേയും നില അതീവ ഗുരുതരമാണ്. ഒട്ടേറെപ്പേർക്ക് കാഴ്ച നഷ്ടപ്പെട്ടു. അഞ്ചു രൂപയ്ക്കു ചെറിയ പ്ലാസ്റ്റിക് പാക്കറ്റുകളിലാണ് മദ്യം വിറ്റിരുന്നതെന്നാണ് റിപ്പോർട്ട്. ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും തുടർനടപടികൾ ശുപാർശ ചെയ്യാനുമായി റിട്ടയേർഡ് ജഡ്ജിയെ ഏകാംഗ കമ്മിഷനായി തമിഴ്നാട് സർക്കാർ നിയോഗിച്ചിട്ടുണ്ട്. മെഥനോൾ കലർത്തിയ മദ്യമാണു കള്ളക്കുറിച്ചിയിൽ ഒട്ടേറെപ്പേരുടെ ജീവനെടുത്തത്. വ്യാജവാറ്റ് ഉപയോഗിക്കുമ്പോൾ സംഭവിക്കുന്നതിനേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് മെഥനോൾ കലർത്തിയ മദ്യം ഉപയോഗിക്കുമ്പോഴുണ്ടാകുക.