ലോകത്തിൽ ആദ്യമായി സ്കിൻ കാൻസറുകൾക്കായി വികസിപ്പിച്ച വാക്‌സീന്റെ മനുഷ്യരിലെ പരീക്ഷണം യുകെയിൽ ആരംഭിച്ചു. യുകെയിലെ യൂണിവേഴ്‌സിറ്റി കോളജ് ഓഫ് ലണ്ടൻ ഹോസ്‌പിറ്റലിലാണ് എംആർഎൻഎ അധിഷ്‌ഠിത കാൻസർ ഇമ്മ്യൂണോതെറാപ്പി പരീക്ഷണം നടത്തുന്നത്. ചർമ്മത്തെ ബാധിക്കുന്ന അർബുദങ്ങളിൽ ഏറ്റവും ഗുരുതരമായ ഒന്നാണ് മെലനോമ. ഇതിന്റെ ഭാഗമായ അർബുദ മുഴകൾ നീക്കം ചെയ്‌ത ശേഷം അവ വീണ്ടും വരാതിരിക്കാനുള്ള വാക്‌സീന്റെ പരീക്ഷണമാണ് ഇപ്പോൾ നടക്കുന്നത്. ഓരോ രോഗിയുടേയും മുഴയുടെ ജനിതക ഘടനയ്‌ക്ക് അനുസൃതമായാണ് ഇമ്മ്യൂണോതെറാപ്പി നൽകുക. ഇതിനായി ശസ്‌ത്രക്രിയയുടെ സമയത്ത് രോഗിയുടെ മുഴയിലെ സാംപിൾ ശേഖരിക്കും. നിലവിലെ ചികിത്സയുമായി താരതമ്യം ചെയ്യുമ്പോൾ പുതിയ വാക്‌സിൻ, രോഗികളിൽ കാൻസർ മടങ്ങി വരാനുള്ള സാധ്യതയും, മൂന്ന് വർഷത്തിന് ശേഷം രോഗി മരണപ്പെടാനുള്ള സാധ്യതയും 49 ശതമാനം ആയി കുറയ്ക്കും എന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു. യുകെയുടെ വിവിധ ഇടങ്ങളിലായി നടത്തുന്ന പരീക്ഷണത്തിൽ 1089 അർബുദ രോഗികൾ പങ്കെടുക്കുന്നുണ്ട്.