അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന ആരോഗ്യവകുപ്പ്

അനധികൃതമായി അവധിയിൽ കഴിയുന്ന ഡോക്ടർമാർ ഉൾപ്പെടെയുള്ള ആശുപത്രി ജീവനക്കാരെ സർവീസിൽ നിന്നു പിരിച്ചുവിടുന്നതടക്കമുള്ള കർശന നടപടികളുമായി സംസ്ഥാന ആരോഗ്യവകുപ്പ്. സർവീസിൽ നിന്ന് അനധികൃതമായി വിട്ടുനിൽക്കുന്ന ജീവനക്കാർ ജൂൺ 6ന് വൈകിട്ട് അഞ്ചു മണിക്കു മുൻപ് സർവീസിൽ തിരികെ പ്രവേശിക്കണമെന്ന് സർക്കാർ അന്ത്യശാസനം നൽകി. അത്തരത്തിൽ സന്നദ്ധത അറിയിക്കുന്നവർക്ക് ബോണ്ട് ഉൾപ്പെടെയുള്ള വ്യവസ്ഥകൾക്കും അച്ചടക്ക നടപടികളുടെ തീർപ്പിനും വിധേയമായി അതതു വകുപ്പുകളിൽ നിയമനം നൽകണമെന്നും അതു സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി ആർ.സുഭാഷിന്റെ ഉത്തരവിൽ പറയുന്നു. അല്ലാത്തവരെ സർവീസിൽ തുടരാൻ താൽപര്യമില്ലാത്തവരായി കണക്കാക്കും. ഇവർക്കെതിരെ അച്ചടക്ക നടപടികളും സർവീസിൽ നിന്നു നീക്കം ചെയ്യുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.