മഴക്കാലരോഗങ്ങൾ നേരിടാൻ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജം

മഴക്കാലരോഗങ്ങൾ നേരിടാൻ സംസ്ഥാന ആരോഗ്യവകുപ്പ് സജ്ജമെന്ന് അധികൃതർ. ഇടവിട്ടുള്ള വേനൽമഴ പെയ്തതോടെ സംസ്ഥാനത്ത് കൊതുകുജന്യരോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ മഴക്കാല രോഗങ്ങളെ നേരിടാൻ ആവശ്യമായ ആശുപത്രികളിൽ പനിവാർഡുകൾ തുറക്കും.

സംസ്ഥാനത്ത് രണ്ടാഴ്ചയ്ക്കിടെമാത്രം 1400-ൽ അധികംപേർക്ക് ഡെങ്കിപ്പനി ബാധിച്ചു. ജനുവരി മുതലുള്ള കണക്കുകളെടുത്താൽ ഇതുവരെ 16 മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നൂറിലേറെപ്പേർക്ക് എലിപ്പനി ബാധിക്കുകയും നാലുപേർ മരിക്കുകയും ചെയ്തു. ഇക്കൊല്ലംമാത്രം 88 പേർ എലിപ്പനി ബാധിച്ച് മരിച്ചതായാണ് റിപ്പോർട്ട്. മലപ്പുറം, കോഴിക്കോട്, തൃശ്ശൂർ ജില്ലകളിൽ വെസ്റ്റ്നൈൽ പനിക്കെതിരേയും ജാഗ്രതാനിർദേശമുണ്ട്. മേയ് 18, 19 തീയതികളിൽ ജനപങ്കാളിത്തത്തോടെ മഴക്കാല പൂർവശുചീകരണം നടത്താൻ തദ്ദേശവകുപ്പ് പൊതുജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാലിന്യനിർമാർജനത്തിന് ശുചിത്വമിഷന്റെ സഹായവും തേടിയിട്ടുണ്ട്. നാലുജില്ലകളിൽ മഞ്ഞപ്പിത്തത്തിനെതിരേ ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശ്ശൂർ എന്നീ നാല് ജില്ലകൾക്കാണ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്. ഈ ജില്ലകളിൽ മഞ്ഞപ്പിത്ത പ്രതിരോധപ്രവർത്തനം ശക്തമാക്കാൻ മന്ത്രി വീണാജോർജ് നിർദേശം നൽകിയിട്ടുണ്ട്. മലപ്പുറത്തെ ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാൽ പ്രതിരോധപ്രവർത്തനങ്ങൾ ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു.