കോഴിക്കോട് മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ പിഴവുകൾ തുടർക്കഥയാകുന്നു. കോതിപ്പാലം സ്വദേശി അജിത്താണ് കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ ശസ്ത്രക്രിയയിൽ പിഴവുണ്ടായെന്ന് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. ബൈക്ക് അപകടത്തെ തുടർന്ന് അജിത്തിൻ്റെ കൈയ്ക്ക് പൊട്ടലുണ്ടായിരുന്നു. എല്ല് പൊട്ടിയതിനെ തുടർന്ന് ഇട്ട കമ്പിയാണ് മാറിപ്പോയത്. മറ്റൊരു രോഗിക്ക് ഇടാൻ വെച്ചിരുന്ന കമ്പിയാണ് അജിത്തിൻറെ കയ്യിലിട്ടതെന്നാണ് പരാതി. പിഴവ് മനസിലാക്കിയപ്പോൾ വീണ്ടും ശസ്ത്രക്രിയ നടത്താൻ ഡോക്ടർ ആവശ്യപ്പെട്ടതായും അജിത്തിൻ്റെ കുടുംബം വ്യക്തമാക്കി. സംഭവത്തിൽ കുടുംബം മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രാത്രി തന്നെ വീണ്ടും ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർ പറഞ്ഞു. നിരസിച്ചപ്പോൾ ഡോക്ടർ ദേഷ്യപ്പെട്ടെന്നും അജിത്ത് കൂട്ടിച്ചേർത്തു. വേണമെങ്കിൽ ചെയ്താൽ മതിയെന്നായിരുന്നു ഡോക്ടറിന്റെ മറുപടി. തുടർന്ന് കുടുംബം മെഡിക്കൽ കോളേജ് പൊലീസിന് പരാതി നൽകി. അതേസമയം സംഭവത്തിൽ മെഡിക്കൽ കോളജ് സുപ്രണ്ടിനോട് അന്വേഷണം ആവശ്യപ്പെട്ട് ഓർത്തോ വിഭാഗം മേധാവി കത്ത് നൽകി.