ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ഒരുങ്ങുന്നു

കീടനാശിനി കലർന്ന ഏലക്ക ഉപയോഗിച്ചെന്ന് ആരോപണത്തെ തുടർന്ന് ശബരിമലയിൽ ഉപയോഗിക്കാതെ മാറ്റിവച്ച ആറര ലക്ഷത്തിലധികം ടിൻ അരവണ നശിപ്പിക്കാൻ ടെണ്ടർ ക്ഷണിച്ച് ദേവസ്വം ബോർഡ്. വന്യമൃഗങ്ങളെ ആകർഷിക്കാതെ, പരിസ്ഥിതിക്ക് കോട്ടം തട്ടാതെ പമ്പയ്ക്ക് പുറത്തെത്തിച്ച് വേണം ഇവ ശാസ്ത്രീയമായി സംസ്കരിക്കാൻ. ഒപ്പം വിശ്വാസത്തിന് കോട്ടം തട്ടാതെ തന്നെ സംസ്കരിക്കണമെന്നും മാർഗനിർദ്ദേശമുണ്ട്. ഈ മാസം 21 വരെ ഏജൻസികൾക്ക് ദേവസ്വം ബോർഡിനെ സമീപിക്കാം. സർക്കാർ മുൻകൈ എടുത്ത് ദേവസ്വം ബോ‍ർഡുമായി ആലോചിച്ച് ശാസ്ത്രീയമായി നശിപ്പിക്കണമെന്നാണ് സുപ്രീംകോടതി നിർദേശം. കഴിഞ്ഞ സീസണിലാണ് അരവണയിൽ ഉപയോഗിച്ചത് കീടനാശിനി കലർന്ന ഏലക്കയാണെന്ന് റിപ്പോർട്ട് വന്നത്. ഹൈക്കോടതി ഇടപെടലിൽ വിൽപ്പന നിർത്തി. പിന്നീട് സുപ്രീംകോടതി വരെ പോയി അരവണയ്ക്ക് പ്രശ്നമില്ലെന്ന് ബോർഡ് തെളിയിച്ചെങ്കിലും അപ്പോഴേക്കും അരവണ കേടായി, അതോടെ ബോ‍ർഡിന് അഞ്ചു കോടിയിലധികം രൂപയുടെ നഷ്ടം സംഭവിച്ചിരുന്നു.