ആളുകൾക്ക് ആരോഗ്യകരമായ ഭക്ഷണശീലങ്ങളെ കുറിച്ച് അവബോധം നൽകാനും രോഗങ്ങൾ ഉണ്ടാവുന്നത് തടയാനും ലക്ഷ്യമിട്ട് പുതിയ ഡയറ്റ് നിർദേശങ്ങൾ പുറത്തിറക്കി ICMR. ഇന്ത്യയിലെ 56.4 ശതമാനം രോഗങ്ങളും ഉണ്ടാവുന്നത് ആരോഗ്യകരമല്ലാത്ത ഭക്ഷണശീലങ്ങൾ കൊണ്ടാണെന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നു. 13 വർഷത്തിന് ശേഷമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ ഡയറ്റ് ഗൈഡ്‌ലൈൻ പുതുക്കുന്നത്. ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും വ്യായാമത്തിലുടെയും ഹൃദ്രോഗത്തേയും ഉയർന്ന രക്തസമ്മർദത്തേയും ടൈപ്പ് 2 ഡബറ്റിക്‌സിനേയും ഒരു പരിധി വരെ തടയാനാകുമെന്ന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ നിർദേശിക്കുന്നു.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം പരമാവധി കുറയ്ക്കണം. ഉപ്പ്, മധുരം, എണ്ണ, കൊഴുപ്പ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കണം. ഉയർന്ന പ്രോട്ടീനുകളുള്ള പൗഡറുകൾ ഉപയോഗിക്കരുതെന്നും അവരുടെ നിർദേശമുണ്ട്. ഇത് വൃക്കകൾക്ക് വരെ തകരാറുണ്ടാക്കുമെന്നാണ് ഐ.സി.എം.ആർ ഏജൻസി പറയുന്നത്. മനുഷ്യശരീരത്തിന് ആവശ്യമായ ഊർജത്തിന്റെ 45 ശതമാനവും ഭക്ഷ്യധാന്യങ്ങൾ, മില്ലറ്റുകൾ എന്നിവയിൽ നിന്നും കണ്ടെത്തണം. 15 ശതമാനം പയറുവർഗങ്ങൾ, ബീൻസ്, ഇറച്ചി എന്നിവയിൽ നിന്നും കണ്ടെത്തണം. ബാക്കിയുള്ള ഊർജം പച്ചക്കറികൾ, പഴങ്ങൾ, പാൽ എന്നിവയിൽ നിന്നാണ് സ്വീകരിക്കേണ്ടത്. 17 നിർദേശങ്ങളാണ് 148 പേജുള്ള റിപ്പോർട്ടിൽ ഉൾപ്പെട്ടിരിക്കുന്നത്. ഭക്ഷ്യഎണ്ണയ്ക്ക് പകരം നട്‌സ്, ഓയിൽ സീഡ്, സീഫുഡ് എന്നിവയിൽ നിന്നും ഫാറ്റി ആസിഡ് കൂടുതലായി സ്വീകരിക്കണം. കൊഴുപ്പും മധുരവും കൂടുതലായി അടങ്ങിയിട്ടുള്ള പ്രൊസസ് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം പരമാവധി കുറക്കണം. ഇത്തരം ഭക്ഷ്യവസ്തുക്കൾ മാത്രം കൂടുതലായി ഉപയോഗിക്കുകയും വ്യായാമം കുറയുകയും ചെയ്താൽ അത് അമിതഭാരം ഉൾപ്പടെയുള്ള പ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്നും ICMR മുന്നറിയിപ്പ് നൽകുന്നുണ്ട്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷൻ ഡയറക്ടർ ഡോ.ഹേമലതയുടെ നേതൃത്വത്തിലാണ് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നത്.