2023ൽ സംസ്ഥാനത്ത് ആംബുലൻസ് അപകടങ്ങളിൽ മരിച്ചത് 29 പേരെന്ന് മോട്ടോർ വാഹന വകുപ്പ്. മോട്ടോർ വാഹനവകുപ്പ് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ഈ വിവരമുള്ളത്. ജീവൻരക്ഷാ വാഹനങ്ങൾ കാരണം ജീവൻ പൊലിയുന്ന സാഹചര്യത്തെ അതീവഗൗരവത്തോടെ കാണണമെന്നും ജീവൻ രക്ഷിക്കാനുള്ള മരണപ്പാച്ചിൽ മറ്റൊരു ജീവൻ പൊലിയാനുള്ള കാരണമാവാതിരിക്കാൻ ഡ്രൈവർമാർ ശ്രദ്ധിക്കണമെന്നും എംവിഡി മുന്നറിയിപ്പ് നൽകുന്നു. വലിയ അപകടത്തിൽ ഗുരുതരമായ പരുക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനും അത്യാസന്ന നിലയിലുള്ള ഒരാളെ ഡോക്ടറുടെ നിർദേശപ്രകാരം ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് എത്തിക്കാനും മാത്രമേ, വേഗപരിധി മറികടന്നും, വൺവേ തെറ്റിച്ചും റെഡ് ലൈറ്റ് മറികടന്നും വാഹനമോടിക്കാവൂ. ഇങ്ങനെ വാഹനമോടിക്കുമ്പോഴും ശ്രദ്ധയും സൂക്ഷ്മതയും വേണം. മൊബൈലിൽ സംസാരിച്ചും ലഹരി പദാർഥങ്ങൾ ഉപയോഗിച്ചും നാവിഗേഷൻ സംവിധാനത്തിൽ ഇടയ്ക്കിടെ നോക്കിയും ഉറക്കക്ഷീണത്തോടെയും വാഹനമോടിക്കരുതെന്നും കുറിപ്പിൽ പറയുന്നു.