കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി കെജിഎംഒഎ

കുഴിനഖം പരിശോധിക്കാൻ വീട്ടിലേക്ക് സർക്കാർ ഡോക്ടറെ വിളിപ്പിച്ച തിരുവനന്തപുരം കലക്ടർക്കെതിരെ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ. കലക്ടറുടെ കാലിലെ കുഴിനഖം പരിശോധിക്കാനാണ് ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് എന്നാണ് പരാതി. ജില്ലാ ജനറൽ ആശുപത്രിയിലെ അസിസ്റ്റന്റ് സർജനെയാണ് കലക്ടർ വീട്ടിലേക്ക് വിളിപ്പിച്ചത്. കലക്ടറുടെ നടപടി അധികാര ദുർവിനിയോ​ഗമെന്ന് കെജിഎംഒഎ കുറ്റപ്പെടുത്തി. 250 ലേറെ രോഗികൾ ഒപിയിലുള്ള സമയത്തായിരുന്നു സംഭവമെന്നും ആക്ഷേപമുണ്ട്. തിരുവനന്തപുരം കളക്ടർ ജെറോമിക് ജോർജ്ജ് ias ഇന്റെ നടപടി ഫ്യൂഡൽ മനോഭാവം നിറഞ്ഞതാണെന്നും ആവർത്തിച്ചാൽ സമരം ചെയ്യുമെന്നും സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെ.ജി.എം.ഒ.എ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ശനിയാഴ്ച രാവിലെ കലക്ടർ ഡി.എം.ഒയെ വിളിച്ച് ഒരു ഡോക്ടറെ വീട്ടിലേക്ക് വിടണമെന്ന് ആവശ്യപ്പെട്ടു. ആദ്യം ഡി.എം.ഒ വഴങ്ങിയില്ല. പിന്നീട് വീണ്ടും വിളിച്ച് അധികാര ഭാവത്തിൽ നിർദേശിച്ചു. അതോടെ ഡി.എം.ഒ ജനറൽ ആശുപത്രി സൂപ്രണ്ടിന് നിർദേശം നൽകി. അങ്ങനെ രോഗികൾ ക്യൂ നിൽക്കുന്ന ഒ.പിയിൽ നിന്ന് അവരുടെ ചികിൽസ മുടക്കിക്കൊണ്ട് ജനറൽ സർജൻ കലക്ടറുടെ ഔദ്യോഗിക വസതിയിലേക്ക് പോകേണ്ടി വന്നു. കലക്ടറുടെ വീട്ടിലെത്തി വീണ്ടും അരമണിക്കൂറോളം ഡോക്ടർ കാത്തിരുന്നു. ഒടുവിൽ കലക്ടറെത്തിയപ്പോൾ കുഴിനഖത്തിലെ പഴുപ്പുമാറ്റാനുള്ള ചികിൽസയ്ക്ക് ഉത്തരവ് ഇടുകയായിരുന്നു. സ്വകാര്യ ആവശ്യത്തിന് സർക്കാർ ഡോക്ടർമാരെ കളക്ടർ വീട്ടിലേക്ക് വിളിച്ചുവരുത്തുന്നത് ഇത് ആദ്യമായല്ല. മൂന്ന് മാസം മുൻപ് പേരൂർക്കട ആശുപത്രിയിൽ നിന്നും ഇതുപോലെ വിളിപ്പിച്ചെന്നും പരാതിയുണ്ട്. അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ജില്ലാ കലക്ടർ തയാറായില്ല.