കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് വയസ്സുകാരിക്ക് ശസ്ത്രക്രിയാപ്പിഴവ് സംഭവിച്ചെന്ന പരാതിയിൽ വിശദീകരണവുമായി Kerala Government Medical College Teachers Association. കുട്ടിയുടെ നാക്കിൽ പ്രശ്നമുണ്ടായിരുന്നതിനാലാണ് അതിനുള്ള ശസ്ത്രക്രിയ നടത്തിയതെന്നും ഭാവിയിൽ സംസാര വൈകല്യം ചികിത്സിച്ചു ഭേദമാക്കാൻ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് അതിന് പ്രഥമപരിഗണന നൽകിയതെന്നും കെ.ജി.എം.സി.ടി.എ. വിശദീകരിച്ചു. സംഭവത്തെപ്പറ്റി അടിയന്തരമായി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യമന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അസോസിയേറ്റ് പ്രൊഫസർ ഡോ. ബിജോൺ ജോൺസണെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കെ.ജി.എം.സി.ടി.എ. പത്രക്കുറിപ്പിറക്കിയത്. നാക്കിനടിയിൽ കെട്ട് ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും ഇത് രക്ഷിതാക്കളുടെ ശ്രദ്ധയിൽ പെടാറില്ലെന്നും പ്രസ്താവനയിലുണ്ട്. നാവിലെ കെട്ട് അഴിച്ചു കൊടുക്കാതെ ഇരുന്നാൽ ഇപ്പോൾ പ്രശ്നങ്ങൾ ഇല്ലെങ്കിലും ഭാവിയിൽ അത് സംസാര വൈകല്യത്തിന് കാരണമാകാം. അതിനാലാണ് ആ ശസ്ത്രക്രിയക്ക് പ്രഥമപരിഗണന നൽകിയതെന്നും പിന്നാലെ ആറാം വിരലിൻ്റെ ശസ്ത്രക്രിയ അപ്പോൾ തന്നെ ചെയ്യണമെന്ന് മാതാപിതാക്കൾ ആവശ്യപ്പെട്ടതിനാൽ അതും അപ്പോൾ തന്നെ ചെയ്തിരുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു. നാക്കിൻ്റെ താഴെ പാട പോലെ കാണുന്ന നാക്കിലെ കെട്ട് ആണ് ശസ്ത്രക്രിയ ചെയ്തു മാറ്റിയതെന്നും നാക്കിൻ്റെ അറ്റം മുറിച്ചു എന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്നും പ്രസ്താവനയിലുണ്ട്. വസ്തുതകൾ അന്വേഷിക്കാതെയും കൃത്യമായ അന്വേഷണം നടത്താതെയും ധൃതി പിടിച്ചു നടത്തിയ സസ്പെൻഷൻ നിർഭാഗ്യകരമാണെന്നും കെ.ജി.എം.സി.ടി.എ. വ്യക്തമാക്കി. ആറാംവിരൽ മുറിച്ചുമാറ്റാനെത്തിയ ചെറുവണ്ണൂർ മധുര ബസാർ സ്വദേശിനിയായ നാലു വയസ്സുകാരിക്കാണ് നാവിലും ശസ്ത്രക്രിയ ചെയ്ത സംഭവമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു കുട്ടിയുടെ കുടുംബം ശസ്ത്രക്രിയയ്‌ക്കെത്തിയത്. കുട്ടിയുടെ നാവിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്‌നങ്ങൾക്കായി ഡോക്ടറെ സമീപിച്ചിരുന്നില്ലെന്ന് കുടുംബം വ്യക്തമാക്കി. നാവുമായി ബന്ധപ്പെട്ട ചികിത്സയും ഇവർ നടത്തിയിരുന്നില്ല.