സംസ്ഥാനത്ത് ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഡെങ്കിപ്പനി തടയാൻ ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കണം എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വേനൽ മഴയും തുടർന്ന് മഴക്കാലവും വരുന്നതോടെ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യത ഏറെയാണ്. അതിനാൽ വകുപ്പുകൾ ഏകോപിച്ചുള്ള പ്രവർത്തനങ്ങൾ അടിയന്തരമായി ആരംഭിക്കണം. കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് യോഗങ്ങൾ ചേർന്ന് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം. മെഡിക്കൽ ഓഫീസർ പബ്ലിക് ഹെൽത്ത് ഓഫീസറായതിനാൽ യോഗം ചേർന്ന് പ്രാദേശികമായി പ്രവർത്തനങ്ങൾ നടത്തണം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തണം. വാർഡ്തല സാനിറ്ററി കമ്മിറ്റികളുടെ പ്രവർത്തനം ശക്തമാക്കണം. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും കൊതുകിന്റെ ഉറവിട നശീകരണവും വളരെ പ്രധാനമാണ്. ഹോട്ട്സ്പോട്ടുകൾ കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നും മന്ത്രി നിർദേശം നൽകി. ഉഷ്ണ തരംഗത്തിന്റെ നിലവിലെ സാഹചര്യവും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങളും മന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്തു. ആരോഗ്യ ജാഗ്രത കലണ്ടർ അനുസരിച്ചുള്ള ഡ്രൈ ഡേ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടത്താൻ മന്ത്രി നിർദേശം നൽകി.