സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മേയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാറാക്കുന്നത്. നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കും. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്തണമെന്നും മന്ത്രി നിർദേശം നൽകി. കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം തുടങ്ങിയ നിർദേശങ്ങളും ആരോഗ്യവകുപ്പ് നൽകിയിട്ടുണ്ട്. സ്കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും ഇത് സംബന്ധിച്ച് അവബോധം നൽകും.