ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്

ആലപ്പുഴ മെഡിക്കൽ കോളജിലെ ചികിത്സാപിഴവുകളിൽ ഡിഎംഒയോട് റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി വീണാ ജോർജ്. ജാഗ്രത പുലർത്തിയില്ലെങ്കിൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നും മന്ത്രി താക്കീത് നൽകി. എന്നാൽ, കോഴിക്കോട് മെഡിക്കൽ കോളജിൽ അവയവം മാറി ശസ്ത്രക്രിയ നടത്തിയ ഡോക്ടർക്കെതിരായ നടപടികൾ ചർച്ചയായില്ല. മെഡിക്കൽ കോളജിൽ എത്തുന്ന രോഗികൾ കൂടുതലാണെന്നും പരിചരണത്തിന് മതിയായ ജീവനക്കാർ ഇല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ മന്ത്രിയുമായുള്ള യോഗത്തിൽ അറിയിച്ചിരുന്നു. പരാതികൾക്ക് ഇടയാകാതെ കൂടുതൽ ജാഗ്രത പാലിക്കണമെന്നറിയിച്ച മന്ത്രി, കോഴിക്കോട് കൂടുതൽ ജീവനക്കാരെ നിയമിക്കുന്ന കാര്യം പരിഗണിക്കുമെന്നും വ്യക്തമാക്കി. ചികിത്സാരേഖകളും മരുന്ന് കുറിപ്പടികളും ഡിജിറ്റലാക്കാൻ വേണ്ട നടപടികളും സ്വീകരിക്കും എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേർത്തു.