മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ

കോവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ റിപോർട്ടുകൾക്ക് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചികിത്സാ വിവാദം വീണ്ടും ചർച്ചയാക്കി മകൻ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിയുടെ ആരോഗ്യത്തിന് ദോഷം വരാതിരിക്കാനാണ് അദ്ദേഹത്തിന് കൊവിഡ് വാക്സിൻ നൽകാതിരുന്നതെന്ന് ചാണ്ടി ഉമ്മൻ ഫേസ് ബുക്ക് ലൈവിൽ വ്യക്തമാക്കി. വാക്സിന്റെ പാർശ്വ ഫലങ്ങളുമായി ബന്ധപ്പെട്ട വാർത്തകളുടെ പശ്ചാത്തലത്തിലാണ് വിശദീകരണം. ഉമ്മൻചാണ്ടിക്ക് ചികിത്സ നിഷേധിച്ചുവെന്ന് പരക്കെ ആക്ഷേപം ഉയർന്നിരുന്നു. അദ്ദേഹത്തിന് മരുന്ന് നൽകിയില്ലെന്ന് വരെ പറഞ്ഞു പരത്തിയെന്നും ചാണ്ടി പറഞ്ഞു. കൊവിഡ് വാക്സീൻ നൽകിയിരുന്നില്ലെന്നും മറ്റെല്ലാ ചികിത്സകളും ഉമ്മൻചാണ്ടിക്ക് നൽകിയിരുന്നുവെന്നും ചാണ്ടി അവകാശപ്പെട്ടു. കഴിഞ്ഞ ദിവസം ഇന്ത്യയിൽ കൊവിഷീൽഡ് എന്ന പേരിൽ അവതരിപ്പിച്ച കൊവിഡ് വാക്സീന് ഗുരുതര പാർശ്വഫലമുള്ളതായി വാക്സിൻ കമ്പനി ആസ്ട്രസെനെക യുകെ കോടതിയിൽ സമ്മതിച്ചിരുന്നു. വാക്‌സിൻ എടുത്ത അപൂർവ്വം ചിലരിൽ രക്തം കട്ടപിടിക്കുകയും, പ്ലേറ്റ്ലെറ്റ് കൗണ്ട് കുറയ്ക്കുകയും ചെയ്യുന്ന അവസ്ഥയുണ്ടാകാമെന്നാണ് കമ്പനി സമ്മതിച്ചിരിക്കുന്നത്.