സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ, മൃഗസംരക്ഷണ മേഖലയിലെ കെടുതികൾ നേരിടുന്നതിന് മൃഗസംരക്ഷണ വകുപ്പ് സുസജ്ജമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ഇതിനായി ജില്ലാ-സംസ്ഥാന തലത്തിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായും മന്ത്രി അറിയിച്ചു. ജില്ലാ തലത്തിൽ അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനായി ചീഫ് വെറ്ററിനറി ഓഫീസർ കോർഡിനേറ്റർ ആയ ഒരു ദ്രുത കർമ്മ സേന രൂപീകരിക്കുന്നതിനും മുൻ വർഷങ്ങളിൽ പ്രകൃതിക്ഷോഭം ഉണ്ടായ പ്രദേശങ്ങളിൽ മുൻകരുതലായി മൃഗങ്ങളെ മാറ്റി പാർപ്പിക്കുവാൻ അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആരംഭിച്ചു. കാലവർഷത്തെ തുടർന്ന് ഉണ്ടാകുന്ന നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും അടിയന്തിര സാഹചര്യങ്ങൾ നേരിടുന്നതിനും മറ്റു ക്രമീകരണങ്ങൾക്കും കൺട്രോൾ റൂം സംവിധാനം സഹായകരമാകും എന്നും മന്ത്രി കൂട്ടിച്ചേർത്തു.