സംസ്ഥാനത്ത് മഞ്ഞപ്പിത്ത കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. വൃത്തിഹീനമായ സാഹചര്യത്തിൽ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും മഞ്ഞപ്പിത്തം പോലെയുള്ള ജലജന്യ രോഗങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ കുടിക്കാനുപയോഗിക്കുന്ന വെള്ളം വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്.
മലിനമായ ജലസ്രോതസുകളിലൂടെയും മലിനമായ വെള്ളം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണം, ഐസ്, ശീതള പാനിയങ്ങൾ എന്നിവയിലൂടെയും, മലിനജലം ഉപയോഗിച്ച് പാത്രം കഴുകുക, കൈ കഴുകുക തുടങ്ങിയവയിലൂടെയും, സെപ്റ്റിക് ടാങ്കുകളിലെ ചോർച്ച മുഖേന കിണറുകളിലെ വെള്ളം മലിനമാകുന്നതിലൂടെയും, ഹെപ്പറ്റൈറ്റിസ്-എ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. മറ്റ് അനുബന്ധ രോഗങ്ങളുള്ളവർക്ക് ഹെപ്പറ്റൈറ്റിസ്-എ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ വളരെ ശ്രദ്ധ ആവശ്യമാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർഥിച്ചു. മലപ്പുറം, എറണാകുളം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാൻ മന്ത്രി നിർദേശം നൽകി.
മലപ്പുറം ചാലിയാർ, പോത്തുകൽ ഭാഗങ്ങളിൽ ഹെപ്പറ്റൈറ്റിസ് മരണങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഈ പ്രദേശങ്ങളിൽ സ്വീകരിച്ചിരുന്ന പ്രതിരോധ-അവബോധ പ്രവർത്തനങ്ങൾ വിലയിരുത്തി ആക്ഷൻ പ്ലാൻ രൂപീകരിച്ചു. എല്ലാ ഹോട്ടലുകളോടും റെസ്റ്റോറന്റുകളോടും തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. ജ്യൂസിന് ഉപയോഗിക്കുന്ന ഐസ് ശുദ്ധ ജലം കൊണ്ട് മാത്രമേ നിർമ്മിക്കാവൂ. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ ഹെൽത്ത് കാർഡ് പരിശോധന കർശനമാക്കിയിട്ടുണ്ട്. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സ്വയം ചികിത്സയ്ക്ക് മുതിരാതെ ശാസ്ത്രീയ ചികിത്സ തേടണമെന്നും മന്ത്രി നിർദേശിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് എല്ലായിടത്തേയും കുടിവെള്ള സ്‌ത്രോതസുകൾ ശുദ്ധമാണെന്ന് പരിശോധിച്ച് ഉറപ്പ് വരുത്താനും നിർദേശം നൽകി.