താൻ ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആണെന്ന് വെളിപ്പെടുത്തി നടി അന്ന രാജൻ. സമൂഹ മാധ്യമത്തിൽ ഡാൻസ് വീഡിയോയ്ക്ക് ബോഡി ഷെമിങ് കമന്റുകൾക്ക് നൽകിയ മറുപടിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. തന്റെ ഡാൻസ് വീഡിയോ ഇഷ്ടപ്പെട്ടില്ലെന്ന് കരുതി മോശം കമെന്റുകളിലൂടെ വേദനിപ്പിക്കരുതെന്ന് നടി സോഷ്യൽ മീഡിയയിൽ പ്രതികരിച്ചു. ഓട്ടോഇമ്മ്യൂൺ തൈറോയ്ഡ് രോഗബാധിത ആയതിനാൽ ശരീരം ചിലപ്പോള്‍ തടിച്ചും മെലിഞ്ഞും ഇരിക്കും. മുഖം വലുതാകുന്നതും സന്ധികളിലെ തടിപ്പും വേദനയും ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണെന്നും അന്ന ചൂണ്ടിക്കാട്ടി. അസുഖം ഉണ്ടെന്നു കരുതി ഒന്നും ചെയ്യാതെയിരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും തന്റെ വീഡിയോകൾ കാണാൻ താല്പര്യമില്ലാത്തവർ കാണേണ്ടന്നും നടി കൂട്ടിച്ചേർത്തു. പരിമിതികൾക്കിടയിൽ നിന്നു ശ്രമിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. അടുത്തവട്ടം ഒരു പരിമിതികളുമില്ലാതെ നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഉറപ്പായും അടുത്ത തവണ നിങ്ങളെ നിരാശപ്പെടുത്തില്ല. തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കാകുലരായ എല്ലാവർക്കും, പ്രത്യേക കരുതലുള്ള അഭിപ്രായങ്ങൾക്കും വളരെ നന്ദി എന്നും അന്ന കൂട്ടിച്ചേർത്തു.