ദിവസം ഒരു ഈന്തപ്പഴം മാത്രം കഴിച്ച് വ്രതമനുഷ്ടിച്ച സഹോദരൻമാരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗോവയിലാണ് സംഭവം. 27ഉം 29ഉം വയസുള്ള യുവാക്കളാണ് പട്ടിണി മൂലം മരിച്ചത്. വീട്ടിൽ ഇവരോടൊപ്പം അവശനിലയിൽ കണ്ടെത്തിയ അമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെലിഞ്ഞൊട്ടിയ നിലയിലായിരുന്നു സഹോദരങ്ങളുടെ മൃതദേഹങ്ങൾ. ഭാര്യയും മക്കളുമായി അകന്നുകഴിഞ്ഞിരുന്ന അച്ഛൻ നസീർ ഖാൻ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ പ്രതികരണം ഉണ്ടായില്ല. വിളിച്ചിട്ടും വാതിൽ തുറക്കാതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. പൊലീസ് പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കഠിനമായ വൃതാനുഷ്ടാനം ഉൾപ്പെടെ ഭാര്യയുടെയും മക്കളുടെയും വിചിത്രമായ ഭക്ഷണ രീതികളിൽ എതിർപ്പുണ്ടായിരുന്ന നസീർ ഖാൻ മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു. മാസങ്ങളായി ബന്ധുക്കളുമായോ അയൽക്കാരുമായോ ഇവർക്ക് ബന്ധമുണ്ടായിരുന്നില്ല. ആഴ്ചകളോളം ദിവസം ഒരു ഈന്തപ്പഴം മാത്രമാണ് ഇവർ കഴിച്ചിരുന്നതെന്നാണ് നിഗമനം. പേശികൾ ശോഷിച്ചതും പോഷകാഹാര കുറവുമാണ് മരണകാരണമെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. എൻജിനീയറായ 29 കാരൻ വിവാഹിതനാണ്. സഹോദരൻ 27 കാരനും ഉന്നതപഠനം പൂർത്തിയാക്കിയിരുന്നു. അമ്മയുമായി ഇവർ ഏറെ അടുപ്പം പുലർത്തിയിരുന്നതായും വിചിത്രമായ സ്വഭാവം പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. അവശനിലയിലായിരുന്ന അമ്മയെ അടിയന്തര ചികിൽസയ്ക്ക് ശേഷം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഗോവ പൊലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.