ഇ-സിഗരറ്റുകൾ ഹൃദയസ്തംഭനത്തിനുള്ള സാധ്യത 19 ശതമാനം വർധിപ്പിക്കുമെന്ന് പഠന റിപ്പോർട്ട്. ബാൾട്ടിമോറിലെ മെഡ്സ്റ്റാർ ഹെൽത്തിലെ ഗവേഷകരാണ് പഠനം നടത്തിയത്. 1.7 ലക്ഷം പേരെ 45 മാസത്തേക്ക് നിരീക്ഷിച്ചാണ് ഗവേഷകർ പഠനം നടത്തിയത്. ഇതിൽ ഇ-സിഗരറ്റ് ഉപയോഗിച്ച 3242 പേർക്ക് ഹൃദയസ്തംഭനം ഉണ്ടായി. ഇ-സിഗരറ്റ് ഉപയോഗം ഹൃദയപേശികളെ കട്ടിയാക്കുമെന്നും ഹൃദയത്തിലേക്കുളള രക്തക്കുഴലുകളുടെ ആവരണങ്ങളെ നശിപ്പിക്കുമെന്നും പുതിയ രക്തക്കുഴലുകളുടെ വികസനത്തെ നിയന്ത്രിക്കുമെന്നും ശരീരത്തിലെ നീർക്കെട്ട് വർധിപ്പിക്കുമെന്നും ഗവേഷകർ പഠനത്തിൽ പറയുന്നു. അർബുദം അടക്കമുള്ള സങ്കീർണരോഗങ്ങൾക്കും ഇ-സിഗരറ്റുകളുടെ ഉപയോഗം കാരണമായേക്കാം എന്നും പഠനം പറയുന്നു. ഇന്ത്യയിൽ ഇ-സിഗരറ്റുകളുടെ നിർമ്മാണവും ഇറക്കുമതിയും വിൽപനയും നിരോധിച്ചിട്ടുണ്ടെങ്കിലും കരിഞ്ചന്തയിൽ ഈ ഉത്പന്നങ്ങൾ ലഭ്യമാകുന്നതായി സംശയിക്കപ്പെടുന്നു. ഇന്ത്യക്കാരിൽ 23 ശതമാനം പേർ ഇ-സിഗരറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും ഇതിൽ എട്ട് ശതമാനം പേർ നിത്യവും ഇത് ഉപയോഗിക്കുന്നതായും പ്രീവന്റീവ് മെഡിക്കൽ റിപ്പോർട്സിൽ കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഒരു സർവേ വ്യക്തമാക്കുന്നു.